Listen live radio

മാപ്പിളപ്പാട്ട് കലാകാരൻ വിഎം കുട്ടി അന്തരിച്ചു

after post image
0

- Advertisement -

 

 

പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരൻ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. 1970 കൾ വരെ കല്യാണപ്പന്തലുകളിൽ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ് വടക്കുങ്ങര മുഹമ്മദ്കുട്ടി എന്ന വി എം കുട്ടി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനാണ് വിഎം കുട്ടി.

ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾക്ക് ശബ്ദവും സംഗീതവും നൽകിയ വ്യക്തിയാണ് വി എം കുട്ടി. മികച്ച ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. മലബാർ കലാപത്തിന്റെ കഥ പറഞ്ഞ 1921 അടക്കം അഞ്ചിലധികം സിനിമകളിലും ഗാനങ്ങൾ എഴുതി. ‘കിളിയേ… ദിക്ര്! പാടിക്കിളിയേ…’ എന്ന പ്രസിദ്ധമായ ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ രചനകളായുണ്ട്.

1935 ഏപ്രിൽ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിൽ വടക്കുങ്ങര ഉണ്ണീൻ മുസ്ല്യാരുടെ മകനായി ജനിച്ച വിഎം കുട്ടി പ്രാഥമിക വിദ്യാഭ്യാസം പുർത്തിയാക്കി അധ്യാപക പരിശീലനത്തിന് ചേരുകയായിരുന്നു. 1985വരെ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാവുകയായിരുന്നു. ‘ബദ്റുൽഹുദാ യാസീനൻ…’ എന്ന ബദ്ര് പാട്ട് ആകാശവാണിയിൽ അവതരിപ്പിച്ചുകൊണ്ട് ഇരുപതാം വയസിൽ ആയിരുന്നു അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ആറു പതിറ്റാണ്ടിലേറെ ഈ രംഗത്ത് സജീവമായി നിലകൊണ്ടു.

1965 മുതൽ ഗൾഫ് നാടുകളിലെ വേദികളിൽ സജീവമായിരുന്നു അദ്ദേഹം 1987ൽ കവരത്തി സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നിൽ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുമുണ്ട്. സംഗീത നാടക അക്കാദമി അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.