Listen live radio

മണിചെയിൻ മാതൃകയിൽ സാമ്പത്തിക തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

after post image
0

- Advertisement -

 

തൃശൂർ: ഓൺലൈൻ ട്രേഡിങ്ങ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ പണം സമ്പാദിക്കാൻ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരിൽ നിന്നും വൻതുകകൾ തട്ടിയ പ്രതികളെ കൊയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടി.

തൃശ്ശൂർ അമ്മാടത്തുള്ള ചിറയത്ത് വീട്ടിൽ ജോബി (43), ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടിൽ വീട്ടിൽ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ടൗണിൽ എസ് ജെ അസ്സോസിയേറ്റ്‌സ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ തട്ടിപ്പിന് തുടക്കമിട്ടത്. മണിചെയിൻ മാതൃകയിൽ കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഓൺലൈൻ ട്രേഡിങ്ങ് ബിസിനസ്സ് പ്രവർത്തിച്ചിരുന്നത്. തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ബിസിനസ്സിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവർ ആദ്യം ചെയ്തത്.

ട്രേഡിങ്ങിനായി പണം സ്വരൂപിക്കാൻ എന്ന പേരിൽ പണം നൽകുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസർ ഐഡിയും പാസ്സ് വേഡും നൽകുകയുമായിരുന്നു. ഈ പാസ്സ് വേഡ് ആപ്ലിക്കേഷനിൽ നൽകുന്നതോടെ ഇവർ നൽകുന്ന തുകയ്ക്ക് തുല്ല്യമായ ഡോളർ വാലറ്റിൽ ക്രെഡിറ്റ് ആകുന്നത് ആപ്ലിക്കേഷനിൽ കാണിക്കും. മറ്റൊരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേർക്കുന്നതോടെ അവർക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റിൽ ലഭിക്കും എന്നും ഇവർ പണം മുടക്കിയവരെ വിശ്വസിപ്പിച്ചു.

ഇങ്ങനെ ആപ്ലിക്കേഷനിലെ വാലറ്റിൽ വർദ്ധിക്കുന്ന ഡോളർ പിൻവലിക്കാൻ സാധിക്കുന്നില്ല എന്ന പരാതിയുമായി പലരും ഇവരെ സമീപിച്ചിരുന്നു. ക്രിപ്‌റ്റോ കറൻസിയിലേക്ക് മാറ്റിയാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്നാണ് ഇവർ ആദ്യം മറുപടി കൊടുത്തിരുന്നത്. പരാതികൾ കൂടിവന്നതോടെ പ്രതികൾ സ്ഥാപനം പൂട്ടി സ്ഥലം വിടുകയായിരുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതിയെ തുടർന്ന് നെടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും കൊയമ്പത്തൂരിലെത്തി പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ഒരു മാസത്തോളമായി കൊയമ്പത്തൂരിലെ ലോഡ്ജിൽ ഒളിവിലായിരുന്ന പ്രതികൾ കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഭർത്താവ് മരണപ്പെട്ട സ്മിതക്ക് മൂന്ന് കുട്ടികളുണ്ട്, ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രധാന പ്രതികൾ വിദേശത്തുനിന്നും ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രധാന പ്രതികൾ തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസൽ എന്നിവരാണെന്നും കൂടാതെ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രധാന ഓഫീസുകളുള്ളതെന്നും തൃശ്ശൂരിലുള്ളത് അസ്സോസിയേറ്റഡ് സ്ഥാപനമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

Leave A Reply

Your email address will not be published.