Listen live radio

പാർട്ടി നിയമം കയ്യിലെടുത്തതിന്റെ ദുരന്തമാണ് അനുപമയുടെ അവസ്ഥ; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വി ഡി സതീശൻ

after post image
0

- Advertisement -

 

തിരുവനന്തപുരം: സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടക്കണമെന്ന് വി ഡി സതീശൻ. അനുപമയ്ക്ക് നീതി കിട്ടണം.കഴിഞ്ഞ 6 മാസം മന്ത്രി വീണ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. പാർട്ടി നിയമം കയ്യിൽ എടുത്തതിന്റെ ദുരന്തമാണ് അനുപമയുടെ അവസ്ഥയെന്നും സതീശൻ പറയുന്നു.

അനുപമ വിഷയത്തിലും കോട്ടയം വിഷയത്തിലും കാണുന്നത് സിപിഎമ്മിന്റെ അഹങ്കാരമാണെന്നാണ് വി ഡി സതീശൻ പറയുന്നത്. കോട്ടയത്തെ വനിതാ എഐഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ എങ്ങനെയാണ് പരാതിക്കാരിക്കെതിരെ തന്നെ കള്ളകേസ് എടുക്കുന്നതെന്നാണ് ചോദ്യം. സിപിഐക്ക് എങ്ങനെയാണ് സർക്കാരിന്റെ ഭാഗമാകാൻ കഴിയുന്നതെന്ന് സതീശൻ പരിഹസിച്ചു. സിപിഐക്ക് നാണമില്ലേ എന്ന് ചോദിക്കേണ്ടി വരും.

കുഞ്ഞിനെ കാണാനില്ലെന്ന അനുപമയുടെ പരാതിയിൽ ഏപ്രിൽ 22 ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സിഡബ്ല്യൂസി ചെയർപേഴ്‌സൺ അഡ്വ. സുന്ദന ഓൺലൈൻ സിറ്റിംഗ് നടത്തിയത്. അതിന് ശേഷം പരാതി നേരിട്ട് നൽകണമെന്ന് നിർദേശിച്ചു. കൊവിഡ് കാലത്ത് എല്ലാ ഓഫീസുകളും അടഞ്ഞ് കിടക്കുമ്പോഴാണ് പരാതി നേരിട്ട് നൽകണമെന്ന വിചിത്ര ന്യായമെന്ന് കൂടി ഓർക്കുക. ഓൺലൈനായി സിറ്റിംഗ് നടത്തിയ ചെയർപേഴ്‌സൺ പൊലീസിനെ അറിയിക്കാതെ അത് പൂഴ്ത്തി. കുട്ടിയെ ദത്ത് നൽകാനുള്ള നടപടി ക്രമങ്ങളിലും അനുപമയുടെ പരാതി മനസിലൊളിപ്പിച്ച് ചെയർപേഴ്‌സൺ പങ്കെടുത്തു.

കുഞ്ഞിനെ കാണാതായ സംഭവത്തിൽ സിഡബ്ല്യൂസി ചെയർപേഴ്‌സൺ ഈ മാസം പത്തിന് നൽകിയ വിവരാവാകാശത്തിനുള്ള മറുപടയിലും ഒളിച്ചു കളി തുടരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന പരാതി അനുപമ സിഡബ്ല്യൂസിക്ക് നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ‘ഇല്ല’. എന്നാൽ ഫോണിലൂടെ നൽകിയ പരാതിയിൽ സിറ്റിംഗ് നടത്തിയെന്നും പറയുന്നു. ഒരേ ചോദ്യത്തിന് വ്യത്യസ്ത മറുപടി.

സംഭവത്തിൽ ആദ്യമേ പ്രതിക്കൂട്ടിലായ പൊലീസ് ഇപ്പോൾ മുഖം രക്ഷിക്കാനുള്ള നടപടികളിലാണ്. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നായിരുന്നു അച്ഛൻ ജയചന്ദ്രൻറെ ആദ്യ മൊഴി. ഇതിനെതിരെ തന്നെ നിർബന്ധിച്ചാണ് സമ്മതപത്രം ഒപ്പിട്ടതെന്ന് പറഞ്ഞ് അനുപമ രംഗത്തെത്തി. ഈ മൊഴികളിലെ വൈരുദ്ധ്യവും കുഞ്ഞിനെ എപ്പോൾ എവിടെ വച്ച് എന്ന് കൈമാറി എന്ന വിവരവും തേടാൻ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, അച്ഛന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെ ചോദ്യം ചെയ്യും. ശിശുക്ഷേമ സമിതിയിൽ നിന്നും കുഞ്ഞിനെ സംബന്ധിച്ച വിവരങ്ങൾ പൂർണ്ണമായും ലഭിക്കാത്തതിനാൽ സംസ്ഥാന കേന്ദ്ര അഡോപ്ഷൻ റിസോഴ്‌സ് സമിതിയിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി.

 

Leave A Reply

Your email address will not be published.