Listen live radio

ചിറയിൻകീഴ് കഞ്ചാവ് വേട്ട; വൻ ഗുണ്ടാസംഘം അറസ്റ്റിൽ, പിടിയിലായവരിൽ എൽഎൽബി ബിരുദധാരിയും

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: ചിറയിൻ കീഴ് കഞ്ചാവുമായി നാലംഗ സംഘത്തെ പൊലീസ് പിടികൂടി. കൊലപാതകം, മോഷണം, കഞ്ചാവ് കേസ്സുകളിലടക്കം പ്രതികളായി പൊലീസ് തിരയുന്ന നാലംഗ ഗുണ്ടാസംഘമാണ് അറസ്റ്റിലായത്. പതിനൊന്ന് കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും, ചിറയിൻകീഴ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അഴൂർ പെരുങ്ങുഴി നാല് മുക്കിന് സമീപം വിശാഖ,് വീട്ടിൽ ശബരി എന്ന് വിളിക്കുന്ന ശബരീനാഥ് (42) ,വിളവൂർക്കൽ വില്ലേജിൽ, ആൽത്തറ സിഎസ്ഐ ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ (28), കരകുളം കുളത്തുകാൽ, പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (31), കരമന ആറന്നൂർ വിളയിൽ പറമ്പിൽ വീട്ടിൽ നിന്നും ഉള്ളൂർ എയിം പ്ലാസയിൽ താമസിക്കുന്ന വിപിൻ (28) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സംഘത്തിലെ പ്രധാനിയായ ശബരി കൊലപാതക കേസ്സിലും, കഞ്ചാവ് കടത്ത് കേസ്സിലും, അടിപിടി കേസ്സിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

കൊലപാതക കേസ്സിൽ ജാമ്യത്തിലിറങ്ങിയ ശബരിയെ നാല് വർഷം മുമ്പ് തമിഴ്‌നാട് കേരളാ അതിർത്തിയായ അമരവിളയിൽ വെച്ച് കഞ്ചാവ് കടത്തുന്നതിനിടയിൽ ആഡംബര കാർ സഹിതം എക്‌സൈസ് പിടികൂടിയിരുന്നു. ജയിലിൽ നിന്നിറങ്ങി വീണ്ടും വ്യാപകമായ രീതിയിൽ കഞ്ചാവ് കച്ചവടം തുടർന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്ക് നൽകുവാനായി കഞ്ചാവ് എത്തിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ രണ്ടംഗ സംഘത്തെയും പന്ത്രണ്ട് കിലോ കഞ്ചാവുമായി മൂന്നാഴ്ച മുമ്പ് പെരുങ്ങുഴിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു.

ആ കേസ്സിലെയും പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലായ ശബരി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പിടികിട്ടാനുള്ള പ്രതിയാണ് പിടിയിലായ സോഫിൻ. കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതക കേസ്സ് നിലവിലുണ്ട്. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബോംബ് എറിഞ്ഞത് ഉൾപ്പെടെ ഇരുപതോളം കേസ്സിലെ പ്രതിയാണ് ഇയാൾ. പാച്ചല്ലൂർ സ്വദേശികൾ പിടിയിലായ കഞ്ചാവ് കേസ്സിലും ഇയാൾ പ്രതിയാണ്.

കേരളാ തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലെ ഗോഡൗണുകളിൽ വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിൽപ്പന നടത്തുന്നവരിലെ ജില്ലയിലെ മുഖ്യകണ്ണിയാണ് സോഫിൻ. നിരവധി മോഷണ കേസ്സിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായവരിലെ മറ്റൊരു പ്രതിയായ വിപിൻ. പൂജപ്പുര, കരമന, ബാലരാമപുരം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണകേസ്സുകൾ നിലവിലുണ്ട്. കൊലപാതകശ്രമം അടക്കം നിരവധി ഗുണ്ടാആക്രമണ കേസ്സുകളിലെ പ്രതിയാണ് പിടിയിലായ അനീഷ് . ഇതിന് മുമ്പും പലതവണ ശബരിക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പൊലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

കിലോഗ്രാമിന് അയ്യായിരം രൂപക്ക് തമിഴ്‌നാട്ടിലെ ഉസ്ലാംപെട്ടിയിൽ നിന്നും , കമ്പത്ത് നിന്നും വാങ്ങുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതി ശബരി എൽഎൽബി ബിരുദം ഉള്ള ആളാണ്. മറ്റു കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമസഹായം നൽകാം എന്ന് വാഗ്ദാനം നൽകി യുവാക്കളെ കഞ്ചാവ് കടത്തിനുള്ള കാരിയെഴ്സ് ആക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളുകളും, കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി യുടെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായാണ് കഞ്ചാവ് കച്ചവടക്കാരായ നാലംഗ ഗുണ്ടാസംഘം അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ എ.എസ്.പി ഇ.എസ്സ് .ബിജുമോൻ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബു, നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം റൂറൽ പൊലീസുമായി ചേർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി റെയ്ഡുകളിലായി മാരക ലഹരി വസ്തുവായ എം.ഡി.എം.എ യും കിലോക്കണക്കിന് കഞ്ചാവും , അനവധി പ്രതികളെയും പിടികൂടിയിരുന്നു.

ചിറയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ ജി.ബി .മുകേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷജീർ, നവാസ്, സുനിൽ സി.പി.ഒ അരുൺ, അനസ,് തിരു.റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ എം.ഫിറോസ് ഖാൻ, എ.എസ്.ഐ ബി. ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ മാരായ അനൂപ്, ഷിജു , സുനിൽ രാജ്, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.