Listen live radio

സ്‌കൂളുകളിലെ മുന്‍കരുതല്‍; പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തു

after post image
0

- Advertisement -

സ്‌കൂളുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി പുറത്തിറക്കിയ ബോധവല്‍ക്കരണ പോസ്‌റ്ററുകള്‍ ജില്ലാ കളക്ടര്‍ എ ഗീത പ്രകാശനം ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്ന്‌ ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. ബാലകൃഷ്ണൻ ജില്ലാ കളക്ടറിൽ നിന്ന് പോസ്റ്റർ ഏറ്റുവാങ്ങി.

മാസ്‌ക്‌ ധരിക്കേണ്ടതിന്റെയും കൈകള്‍ ഇടയ്‌ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ വൃത്തിയാക്കേണ്ടതിന്റെയും ശാരീരിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത വിശദീകരിക്കുന്ന 3 തരം പോസ്‌റ്ററുകളാണ്‌ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്‌. സി.ബി.എസ്‌.ഇ. അടക്കം ജില്ലയിലെ 374 സ്‌കൂളുകളിലേക്ക്‌ ആവശ്യമായ പോസ്‌റ്ററുകള്‍ തയ്യാറായിക്കഴിഞ്ഞു.

സ്‌കൂളില്‍ നിന്നു തിരിച്ചു വീട്ടില്‍ എത്തിയാലുടന്‍ കുളിക്കുക, ഉപയോഗിച്ച വസ്‌ത്രങ്ങള്‍ സോപ്പ്‌/ഡിറ്റര്‍ജന്റ്‌ ഉപയോഗിച്ച്‌ കഴുകുക, മാസ്‌കുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, തുണി മാസ്‌കുകള്‍ കഴുകി ഉണക്കുക, സ്‌കൂള്‍ ബാഗ്‌, പേന, ബോക്‌സ്‌ തുടങ്ങിയവ അണുവിമുക്തമാക്കുക, വീട്ടിലുള്ള മുതിര്‍ന്നവര്‍, ചെറിയ കുട്ടികള്‍, മറ്റ്‌ രോഗങ്ങളെന്തെങ്കിലും ഉള്ളവര്‍, കിടപ്പിലായവര്‍ എന്നിവരുടെ അടുത്ത്‌ കുളിച്ചതിനു ശേഷം മാത്രം പോവുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പോസ്‌റ്ററുകളിലുണ്ട്‌. തുമ്മല്‍, ചുമ, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയ കോവിഡ്‌ രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ എത്തുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്‌. രോഗപരിശോധന നടത്തുക. വീട്ടില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ എത്തരുത്‌. സ്‌കൂളില്‍ എത്തിയ ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അധ്യാപകരോട്‌ തുറന്നുപറയുക എന്നീ നിര്‍ദേശങ്ങളും പോസ്‌റ്റര്‍ മുന്നോട്ടുവയ്‌ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 104, 1056, 0471 2552056 എന്നീ ‘ദിശ’ നമ്പറുകളില്‍ ബന്ധപ്പെടാം. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, നാഷണൽ ഹെൽത്ത്‌ മിഷൻ
ജില്ലാ പ്രോഗ്രാം മാനേജർ സമീഹ സെയ്തലവി, നാഷണൽ ഹെൽത്ത്‌ മിഷൻ ജൂനിയർ കൺസൽട്ടന്റ് കെ എസ് നിജിൽ , ആരോഗ്യ വകുപ്പ് മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.