Listen live radio

സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

after post image
0

- Advertisement -

 

 

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകൻ തൂങ്ങിമരിച്ച നിലയിൽ. ബുധനാഴ്ച രാവിലെയാണ് പഞ്ചാബിലെ അമ്രോഹ് ജില്ലക്കാരനായ ഗുർപ്രീത് സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സിദ്ദുപൂരിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗജീദ് സിങ് ദല്ലേവാൾ പക്ഷത്തുനിന്ന് സമരം ചെയ്തിരുന്ന വ്യക്തിയായിരുന്നു ഗുർപ്രീത് സിങ്. ഗുർപ്രീതിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കുണ്ഡ്‌ലി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഗുർപ്രീതിൻറെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം, ഗുർപ്രീതിൻറെ മരണകാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞമാസം, ദലിത് യുവാവായ ലഖ്ബീർ സിങ്ങിൻറെ മൃതദേഹം സിംഘു അതിർത്തിയിലെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. രാജ്യത്തുതന്നെ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കിയ സംഭവമായിരുന്നു ഇത്. ലഖ്ബീറിൻറെ കൈകാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കൂടാതെ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ നിഹാംഗ് വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേർ പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

2020 നവംബർ 26 മുതൽ കേന്ദ്രസർക്കാരിൻറെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ സിംഘു, ടിക്‌രി, ഗാസിപൂർ അതിർത്തികളിൽ പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കർഷകർ പ്രക്ഷോഭം തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഏർപ്പെടുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം. കേന്ദ്രസർക്കാരുമായി കർഷകർ 11 വട്ട ചർച്ചകൾ നടത്തിയിട്ടും ഫലം കണ്ടില്ല.

 

Leave A Reply

Your email address will not be published.