Listen live radio

കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന് കേരളം; കൊന്നൊടുക്കിയത് 1200 കാട്ടുപന്നികളെ

after post image
0

- Advertisement -

കോഴിക്കോട്: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സംസ്ഥാനസർക്കാർ. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ എംപാനൽഡ് ചെയ്ത കർഷകർക്ക് അനുമതിനൽകിയിട്ടും ശല്യം രൂക്ഷമായി തുടരുന്നതിനാലാണിത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 1200ഓളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. എന്നാൽ അത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ല. ദിനംപ്രതി ഒട്ടും പ്രതീക്ഷിക്കാത്ത നഗര മേഖലകളിൽ കൂടി കാട്ടു പന്നികൾ വന്ന് മനുഷ്യരെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

അഞ്ചുവർഷത്തിനുള്ളിൽ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരമായി നൽകിയെന്നും നാലുപേർ മരിച്ചെന്നുമുള്ള കണക്കുകൾ നിരത്തിയാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ 22-ന് കേന്ദ്ര വനം-വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിനെ കാണും.

ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേത്തന്നെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളിൽ വിശദീകരണം തേടി തിരിച്ചയക്കുകയായിരുന്നു. മറുപടിയോടൊപ്പമാണ് കണക്കുകൂടിവെച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്. ജാഗ്രതാസമിതികൾ ചേർന്ന് എംപാനൽഡ് ചെയ്ത കർഷകർക്ക് ഇപ്പോൾ വെടിവെച്ചുകൊല്ലാമെങ്കിലും വനംവകുപ്പിനെ അറിയിച്ച് മഹസർ തയ്യാറാക്കുകയും അവരുടെ അനുമതിയോടെ മറവുചെയ്യുകയും വേണം.

തോക്കുപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്കേ വെടിവെക്കാൻ അനുമതിയുള്ളൂ. കടുത്ത നിയമമായതിനാൽ പലരും വെടിവെച്ചുകൊല്ലാൻ മടിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ പട്ടിക മൂന്നിൽനിന്ന് പട്ടിക അഞ്ചിലേക്കുമാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കർഷകർക്ക് നടപടിക്രമങ്ങളില്ലാതെ വെടിവെച്ചുകൊല്ലാം. ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ രീതിയിൽ ഇളവുനൽകിയിട്ടുണ്ട്. പരമാവധി ഒരുകൊല്ലത്തേക്കാണ് ഈ ഇളവുനൽകുക.

Leave A Reply

Your email address will not be published.