Listen live radio

യാത്രാദുരിതം മാറുന്നു; ബെംഗളൂരുവിൽനിന്നുള്ള ആർ.ടി.സി. സർവീസ് പഴയപടി

after post image
0

- Advertisement -

ബെംഗളൂരു: മൂന്നുമാസത്തിനു ശേഷം കുടക് വഴിയുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചതോടെ കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ മുഴുവൻ ബസുകളും ഓടിത്തുടങ്ങി. രണ്ടു ദിവസത്തിനകം പത്തനംതിട്ട, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നതോടെ കേരള ആർ.ടി.സി.യുടെ മുഴുവൻ ബസുകളും ഓടിത്തുടങ്ങും.

കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകളും തുടങ്ങിയതോടെ നാട്ടിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കായി കർണാടക ആർ.ടി.സി. 37 ബസുകളാണ് സർവീസ് നടത്തുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് കർണാടക ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നത്. മിക്ക ബസുകളും മുഴുവൻ സീറ്റുകളിൽ യാത്രക്കാരുമായിട്ടാണ് സർവീസ് നടത്തുന്നത്.

മൈസൂരുവിൽനിന്ന് പത്ത്‌ സർവീസ്

കർണാടക ആർ.ടി.സി. മൈസൂരുവിൽനിന്ന് വിവിധ ഭാഗങ്ങളിലേക്കായി ദിവസേന പത്ത്‌ ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്ക്‌ നാലു സർവീസും (ഒരു വോൾവൊ, മൂന്ന് എക്സ് പ്രസ്), എറണാകുളത്തേക്ക് മൂന്നു സർവീസും (വോൾവൊ), തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതവുമാണ് സർവീസ് നടത്തുന്നത്. ഇതിൽ കണ്ണൂരിലേക്ക് സാരിഗെ ബസും മറ്റു സ്ഥലങ്ങളിലേക്ക് വോൾവൊ ബസുമാണ്. ആലപ്പുഴയിലേക്കുള്ള ബസ് വൈകീട്ട് 6.30-ന് പുറപ്പെടും. ആലപ്പുഴയിൽനിന്ന് മൈസൂരുവിലേക്കുള്ള ബസ് രാത്രി 8.30-നാണ് പുറപ്പെടുന്നത്.

പയ്യന്നൂർ സർവീസ് ഇന്നുമുതൽ

കുടക് വഴിയുള്ള സർവീസിന് അനുമതി ലഭിച്ചതോടെ മാക്കൂട്ടം ചുരം പാത വഴി പയ്യന്നൂരിലേക്കുള്ള (ആലക്കോട്- ചെറുപുഴ വഴി) കേരള ആർ.ടി.സി.യുടെ സർവീസ് ഞായറാഴ്ച പുനരാരംഭിക്കും. ശനിയാഴ്ച രാത്രി പയ്യന്നൂരിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെത്തും. കാഞ്ഞങ്ങാട്ടേക്കുള്ള സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കും. ഞായറാഴ്ച വൈകീട്ട് കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തും. കേരള ആർ.ടി.സി. 23 ബസുകളാണ് സർവീസ് നടത്തുന്നത്.

Leave A Reply

Your email address will not be published.