Listen live radio

കാക്കി ഈഗോയാണ് പൊലീസുകാർക്ക്; ഉദ്യോഗസ്ഥ ഒരു അമ്മയാണോ…അവർ സ്ത്രീയാണോ?: പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി

after post image
0

- Advertisement -

 

 

കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോയെന്ന് കോടതി ചോദിച്ചു. പൊലീസ് ഇത്തരത്തിൽ പെരുമാറുന്നത് കൊണ്ടാണ് ആത്മഹത്യകൾ ഉണ്ടാകുന്നതെന്ന് കോടതി പറഞ്ഞു. ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയുടെ വീഡിയോ പരിശോധിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

വീഡിയോ ദ്യശ്യങ്ങൾ ബുദ്ധിമുട്ടാണ്ടാക്കുന്നുവെന്നും ഒരു കുട്ടിയെ തടഞ്ഞ് വച്ച് എന്തിനാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. കാക്കി ഈഗോയാണ് ചില പൊലീസുകാർക്ക്. പൊലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസിനോട് തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു.

ഉദ്യോഗസ്ഥയുടെ ഫോണാണോ കുട്ടിയുടെ ജീവിതമാണോ വിലപിടിച്ചതെന്ന് കോടതി ചോദിച്ചു. ആ ഫോൺ കിട്ടിയിരുന്നില്ലെങ്കിൽ അവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുമായിരുന്നോ, എന്തിനാണ് ഇങ്ങനെ പിങ്ക് പൊലീസ് എന്നും കോടതി കുറ്റപ്പെടുത്തി. കേസിന്റെ എല്ലാ വിശദാംശങ്ങളും ഹാജരാക്കാൻ ഡിജിപി അനിൽകാന്തിന് കോടതി നിർദ്ദേശം നൽകി. ഹർജി ഡിസംബർ ഏഴിന് വീണ്ടും പരിഗണിക്കും.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രൻ പറയുന്നു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നു തന്നെ കണ്ടെത്തി.

 

Leave A Reply

Your email address will not be published.