Listen live radio

തിരുവല്ല സന്ദീപ് വധത്തിൽ കൂടുതൽ പേർ കുടുങ്ങും; ഇന്ന് തെളിവെടുപ്പ്

after post image
0

- Advertisement -

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കൊലപാതകത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരെ പറ്റി പ്രതികൾ മൊഴി നൽകി. കസ്റ്റഡിയിലുള്ള പ്രതികളെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

കേസിലെ അഞ്ച് പ്രതികളെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇന്ന് അഞ്ച് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിക്കുകയാണ് പ്രതികൾ. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിലും രാഷ്ട്രീയ വൈരാഗ്യമല്ല കാരണമെന്ന് പ്രതികൾ പറഞ്ഞിരുന്നു.

അതേസമയം, സന്ദീപിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി സി പി എം പ്രതിഷേധിക്കും. വൈകിട്ട് അഞ്ച് മണിക്ക് ഏര്യാ കമ്മിറ്റി കേന്ദ്രങ്ങളിലാണ് പ്രതിഷേധം.രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചും ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിച്ചും ന്യൂനപക്ഷ അവകാശ സംരക്ഷണ സംഗമവും ഇതിനൊപ്പം സംഘടിപ്പിക്കും. സിപിഎം കേന്ദ്രക്കമ്മിറ്റി തീരുമാനപ്രകാരമാണ് ന്യൂനപക്ഷ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.

കൊലപാതകത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് പ്രതികൾ ഒളിവിൽ പോയത്.  അഞ്ചു പ്രതികളെയും ഒളിവിൽ പോകാൻ സഹായിച്ചവരെ കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് കരുവാറ്റയിലെ രതീഷ് എന്ന സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ രതീഷ് റിമാന്റിലാണ്. ഇയാളെയും കൊലപാതക കേസിൽ പ്രതി ചേർക്കും. രതീഷിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും . ഇന്നലെ കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ സംഭവം നടന്ന ചാത്തങ്കേരിലെ കല്ലിങ്കലും പ്രതികൾ ഒത്തുചേർന്ന കുറ്റൂര് ലോഡ്ജ്ലും ഒളിവിൽ പോയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും. പ്രതികൾക്കായി അഭിഭാഷകരും കോടതിയിൽ ഹാജരായില്ല.  ജയിലിൽ വധഭീഷണിയുണ്ടെന്ന് ഒന്നാം പ്രതി ജിഷ്ണു കോടതിയെ അറിയിച്ചു. വധകേസിലെ അഞ്ചാം പ്രതി വിഷ്ണു അജി കൊലപാതകത്തിന് ശേഷം മറ്റൊരാളുമായി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഫോൺ സംഭാഷണം അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
ഈ ശബ്ദ സന്ദേശം കൂടുതൽ ശാസ്ത്രീയ പരിശോധനകളിലൂടെ ഉറപ്പിക്കേണ്ടതുണ്ട്.  പ്രതികളുടേയും കഴിഞ്ഞ കാലങ്ങളിലെ ടെലിഫോൺ വിവരങ്ങളും ശേഖരിച്ചു വരികയാണ്.

Leave A Reply

Your email address will not be published.