Listen live radio

ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിന് പാർലമെന്റിന്റെ അംഗീകാരം; ലക്ഷ്യം ഇരട്ടവോട്ടു തടയല്‍

after post image
0

- Advertisement -

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ പ്രതിപക്ഷാംഗങ്ങളുടെ ഇറങ്ങിപ്പോക്കിനിടെ ചൊവ്വാഴ്ച രാജ്യസഭയും പാസാക്കി. ഉച്ചയ്ക്ക് 2.10-ന് അവതരിപ്പിച്ച ബിൽ 3.10-ഓടെയാണ് അംഗീകരിച്ചത്. ലോക്‌സഭയും കഴിഞ്ഞദിവസം കൃത്യമായ ചർച്ചയില്ലാതെ പാസാക്കിയ ബിൽ ഇനി രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമമാവും.

ഇരട്ടവോട്ടു തടയലും വോട്ടർപട്ടിക ശുദ്ധീകരണവുമാണ് ഉദ്ദേശിക്കുന്നതെന്ന് ബില്ലവതരിപ്പിച്ച് നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. ‘‘പ്രതിപക്ഷത്തിന്റെ എതിർപ്പിന് അടിസ്ഥാനമില്ല. വ്യാജ വോട്ടർപട്ടിക ഉപയോഗിക്കുന്നവർ മാത്രമേ ഈ ബില്ലിനെ എതിർക്കൂ. ഈ ബിൽ ഒരേവ്യക്തി വിവിധ സ്ഥലങ്ങളിലെ വോട്ടർപട്ടികയിൽ ഇടം പിടിക്കുന്നത് തടയും.’’ -മന്ത്രി പറഞ്ഞു.

ബിൽ മന്ത്രി അവതരിപ്പിക്കും മുമ്പുതന്നെ തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രയാൻ ക്രമപ്രശ്നം ഉന്നയിച്ചു. അംഗങ്ങൾക്ക് ബിൽ നൽകാതെ അവതരിപ്പിക്കുന്നതിനെ അദ്ദേഹം എതിർത്തു. കൂടുതൽ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ജോൺ ബ്രിട്ടാസ്, എം.വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, തിരുച്ചി ശിവ, ശക്തിസിങ് ഗോയൽ, ഡെറിക് ഒബ്രയാൻ എന്നിവരുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളി. നടുത്തളത്തിലിറങ്ങിയവർ തിരികെപ്പോകാതെ വോട്ടെടുപ്പ് നടത്തില്ലെന്ന് ഉപാധ്യക്ഷൻ ഹരിവംശ് കർശന നിലപാടെടുത്തു. എന്നാൽ, പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽതന്നെ മുദ്രാവാക്യം വിളികളോടെ തുടർന്നു.

ഇതോടെ ഉപാധ്യക്ഷൻ ബില്ലിൽ ശബ്ദവോട്ട് നടപടി തുടങ്ങി. ഈ സമയം ഡെറിക് ഒബ്രയാൻ ഉപാധ്യക്ഷന്റെ മുന്നിലെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തേക്ക് ചട്ടപുസ്തകം വലിച്ചെറിഞ്ഞ് സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നാലെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, ഡി.എം.കെ., എൻ.സി.പി. അംഗങ്ങളും സഭ വിട്ടിറങ്ങി. പ്രതിപക്ഷമില്ലാത്ത സഭയിൽ മിനിറ്റുകൾക്കകം ബിൽ സർക്കാർ പാസാക്കി.

ബി.ജെ.പി.ക്കു പുറമേ, ജനതാദൾ യു., വൈ.എസ്.ആർ. കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ., ബി.ജെ.ഡി. തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ) എന്നീ പാർട്ടികളുടെ അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു.

Leave A Reply

Your email address will not be published.