Listen live radio

തിരുത്തല്‍വാദി; ഗാഡ്ഗിലിൽ കൂടെ ഉള്ളവർ പോലും കൂക്കി വിളിച്ചപ്പോഴും നിലപാട് മാറ്റാത്ത പി.ടി

after post image
0

- Advertisement -

നിലപാടിന്റെ രാഷ്ട്രീയമായിരുന്നു പി.ടി തോമസിന്റേത്. രാഷ്ട്രീയ എതിരാളികളോടുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ കണക്കുപുസ്തകം. കേരളത്തില്‍ പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച അപൂര്‍വ്വം നേതാക്കളില്‍ പ്രമുഖന്‍. പ്രളയം ഒന്നും രണ്ടും മൂന്നും വന്നപ്പോഴാണ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിന്റെ ആപത്ത് പലരും തിരിച്ചറിഞ്ഞത്. 10 വര്‍ഷം മുന്നെ അത് തുറന്ന് പറഞ്ഞതിന് ശപിച്ചവരും ശവഘോഷയാത്ര നടത്തിയവര്‍ക്കും ഇത് തിരുത്താവുന്ന കാലം

നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുവച്ചാണ് പി.ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്തുവന്നത്. പുരോഗമന-പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മേനിനടിച്ചവര്‍ കൈയേറ്റങ്ങള്‍ക്ക് കുടപിടിച്ച കാലത്തായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് പി.ടി അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പാര്‍ട്ടി ഓഫീസുകള്‍ ഒഴിപ്പിക്കാന്‍ ഒരുങ്ങിയ വി.എസ്സിന് പോലും ദൗത്യം നിര്‍ത്തിപ്പോരേണ്ടി വന്ന ഇടുക്കിയിലാണ് പി.ടി ഒറ്റയ്ക്ക് പോരാടിയത്. ഒടുവില്‍ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തീര്‍ത്ത വേലിക്കെട്ടില്‍ പി.ടിക്ക് അര്‍ഹിച്ച സീറ്റ് പോലും നിഷേധിക്കപ്പെട്ടു. പി.ടി അയഞ്ഞില്ല. നിലപാട് ഉറക്കെ പറഞ്ഞു. താന്‍ പറഞ്ഞതിലെ ശരി കാലം തെളിയിക്കുമെന്ന് പി.ടി ഉറപ്പുണ്ടായിരുന്നു. മലയിറങ്ങിയപ്പോഴും നിലപാട് മാത്രമായിരുന്നു കൈമുതല്‍. ആ ആദര്‍ശത്തിന് കൊച്ചിയില്‍ പിന്തുണക്കാന്‍ ജനംകൂടെ നിന്നു. രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിന് പി.ടിയെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചു.

ഗ്രൂപ്പു രാഷ്ട്രീയം നയിച്ച കോണ്‍ഗ്രസില്‍ തിരുത്തല്‍വാദികളുടെ പട്ടികയുണ്ടായിരുന്നു. അത് ഗ്രൂപ്പിലെ വിഭജനരൂപമായിരുന്നെങ്കില്‍ പി.ടി യഥാര്‍ഥ തിരുത്തല്‍വാദിയായിരുന്നു. വോട്ടിന്റെ രാഷ്ട്രീയത്തിനപ്പുറമായിരുന്നു ചിന്തകളും സമീപനങ്ങളും. മദ്യനിരോധനത്തിലൂടെ ആദര്‍ശവാദിയാകാന്‍ നേതാക്കള്‍ മത്സരിച്ചപ്പോള്‍ അതിലും പിടിയുടെ ശബ്ദം വേറിട്ടുനിന്നു. മദ്യനിരോധനം പരാജയപ്പെടുന്ന പരീക്ഷണമാണെന്നായിരുന്നു പി.ടിയുടെ പക്ഷം

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, കിറ്റെക്സ് കമ്പനി കുടിവെള്ള സ്രോതസായ കടമ്പ്രയാർ മലിനപ്പെടുത്തുന്നു എന്ന ആരോപണം, കസ്തുരി രംഗൻ റിപ്പോർട്ട്, മുട്ടിൽ മരംവെട്ടു കേസിലെ ആരോപണങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ നിലപാട് ഏറെ ചർച്ച ആയതാണ്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പി.ടിയുടെ നിലപാടിനെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു. അന്ന് എതിര്‍ത്തവരും പരിഹസിച്ചവരും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലെ ശരി തിരിച്ചറിഞ്ഞു.

മൂന്നാറിൽ അനധികൃതമായി കൈയ്യേറിയവർക്ക് 15 സെന്റ് വീതം പതിച്ച് നൽകാനുള്ള തീരുമാനം തെറ്റാണെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും നിയമസഭയിൽ പറഞ്ഞതിന് ഭരണ – പ്രതിപക്ഷ അംഗങ്ങൾ തന്നെ കൂകി ഇരുത്തി എന്ന് പി.ടി തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഗാഡ്ഗിൽ റിപ്പോർട്ടിന് വേണ്ടി താൻ പറഞ്ഞപ്പോൾ അശ്ലീലം പറഞ്ഞതു പോലെ കൂകി ഇരുത്തുകയായിരുന്നുവെന്നും പ്രതിപക്ഷത്തുണ്ടായിരുന്ന സഹോദരന്മാർ പോലും തന്റെ സംസാരം തടസ്സപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കസ്തൂരി രംഗൻ റിപ്പോർട്ടും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും സത്യസന്ധമായി വായിച്ചു നോക്കുന്ന ഒരാൾക്കും അതിനെ എതിർക്കാൻ പറ്റില്ല എന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്‌. 2014 ൽ പരിസ്ഥിതി സംരക്ഷണ വിഷയവുമായും കസ്‌തൂരിരംഗൻ റിപ്പോർട്ടുമായും ബന്ധപ്പെട്ടു അന്നത്തെ ഇടുക്കി എം.പി ആയിരുന്ന പി.ടി. തോമസ് എടുത്ത നിലപാടും അതിനെതിരെ ഇടുക്കി രൂപത സ്വീകരിച്ച നിലപാടും വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതിനെപ്പറ്റി ഒരു അഭിമുഖത്തിൽ വെച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ‘ അവര് പറയുന്നത് പോലെ ജീവിക്കാനാവില്ല, ആൺകുട്ടിയായി ജീവിക്കാനാണ് ഇഷ്ടം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുട്ടിൽ മരംവെട്ടു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശകനായിരുന്നു പി.ടി. മരം മുറി കേസിൽ പ്രതികളായ മാംഗോ മൊബൈൽ കമ്പനി ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് പി.ടി. തോമസ് ആരോപിച്ചിരുന്നു.

കിറ്റെക്സ് വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാടുകളും ശ്രദ്ധേയമാണ്. കുടിവെള്ള സ്രോതസായ കടമ്പ്രയാർ മലിനപ്പെടുത്തുന്നു എന്ന ആരോപണവുമായിട്ടായിരുന്നു പി.ടി തോമസ് രംഗത്തെത്തിയത്. കിറ്റെക്സ് കമ്പനി അടച്ചു പൂട്ടാനുള്ള നീക്കമല്ല താൻ നടത്തുന്നത്. മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ചു പ്രകൃതിയെ മലിനപ്പെടുത്താതെയും കമ്പനി പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നുമായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.

മദ്യനിരോധന വിഷയത്തിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ലോകത്ത് ഒരു സ്ഥലത്തും മദ്യ നിരോധനം വിജയമായികണ്ടിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വ്യക്തികൾ മാതൃക കാട്ടി ഒരു മദ്യവർജ്ജനമാണ് നമ്മുടെ സമൂഹത്തിൽ നടപ്പിലാക്കേണ്ടത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.