Listen live radio

പി ടിയെ അവസാനമായി ഒരുനോക്കു കാണാന്‍ മമ്മൂട്ടിയെത്തി

after post image
0

- Advertisement -

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെ (P T Thomas) അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി (Mammootty). മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു. പാലാരിവട്ടത്തെ വീട്ടില്‍ 10 മിനിറ്റ് മാത്രമാണ് അന്തിമാഞ്ജലി അര്‍പ്പിക്കാനാവുക. എറണാകുളം ഡിസിസിയില്‍ 20 മിനിറ്റ് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും.

എറണാകുളം ടൗണ്‍ഹാളില്‍ വിപുലമായ പൊതുദര്‍ശനം നടക്കും. രാഹുല്‍ ഗാന്ധി (Rahul Gandhi) ടൗണ്‍ഹാളിലെത്തി അന്ത്യാഞ്ജലിയര്‍പ്പിക്കും. തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും (Pinarayi Vijayan). എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി 5.30 ന് ആകും സംസ്‌കാരചടങ്ങുകള്‍ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.

കോണ്‍ഗ്രസ് നേതൃനിരയില്‍ വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്ന പിടി കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവര്‍ത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലര്‍ത്തിയിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികള്‍ ചേര്‍ത്തു പിടിച്ചത്.

മഹാരാജാസ് കോളേജിലെ കെഎസ്.യുവിന്റെ നേതാവായി ഉയര്‍ന്നുവന്ന പിടി ക്യാംപസ് കാലം മുതല്‍ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവസഭകളില്‍ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിര്‍ത്തേണ്ടി വന്നു.

Leave A Reply

Your email address will not be published.