Listen live radio

പരസ്യ വിചാരണ: നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ജയചന്ദ്രൻ

after post image
0

- Advertisement -

 

തിരുവനന്തപുരം: പിങ്ക് പൊലീസിൻറെ പരസ്യവിചാരണ നേരിട്ട അച്ഛനും മകളും ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും തോന്നക്കൽ സ്വദേശി ജയചന്ദ്രൻ പറഞ്ഞു. എട്ടുവയസുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ലഭിച്ച വിധിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു.

പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് വിശദീകരിച്ചാണ് ജയചന്ദ്രൻ കിട്ടുന്ന പണം എങ്ങിനെ ചെലവിടുമെന്ന് പറയുന്നത്. എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാപൊലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഐജി ഹർഷിത അട്ടല്ലൂരി ഉൾപ്പടെ അന്വേഷിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥക്കൊപ്പമായിരുന്നു സർക്കാർ. അപ്പോഴും ഉറച്ച നിലപാടുമായി ജയചന്ദ്രൻ മുന്നോട്ട് പോയതോടെയാണ് നീതി കിട്ടിയത്. പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിയെ ഇപ്പോഴും കൗൺസിലിങിന് വിധേയമാക്കുന്നുണ്ട്. അപ്പോഴാണ് നിത്യവൃത്തിക്ക് തന്നെ കഠിനാധ്വാനം ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജയചന്ദ്രൻ കിട്ടുന്ന പണത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.