Listen live radio

കൗമാരക്കാരിലെ വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

after post image
0

- Advertisement -

ദില്ലി: പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്സീനായി ജനുവരി ഒന്ന് മുതൽ ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാം. ആധാർ കാർഡോ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ തിരിച്ചറിയൽ കാർഡോ ഉപയോഗിച്ചാണ് കൗമാരക്കാർ രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി ഒന്ന് മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് കൊവിൻ ആപ്പ് തലവൻ ആർഎസ് ശർമ്മ അറിയിച്ചു. കൗമാരക്കാർക്ക് നൽകാവുന്ന രണ്ടു വാക്സീനുകൾക്ക് രാജ്യത്ത് അനുമതി ഉണ്ടെങ്കിലും ഭാരത് ബയോട്ടെക്കിന്‍റെ കോവാക്സീൻ മാത്രമാകും തുടക്കത്തിൽ നൽകുക. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകും. നൽകുന്ന വാക്സീന്‍റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല. ജനുവരി 10 മുതൽ നൽകിത്തുടങ്ങുന്ന കരുതൽ ഡോസിന് അർഹരായവരുടെ വിവരങ്ങൾ കൊവിൻ ആപ്പിൽ അപ്ഡേറ്റാകും.

ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായി. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു.

എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുകയാണ്. പ്രധാന സംസ്ഥാനങ്ങളിൽ എല്ലാം ഒമിക്രോൺ സ്ഥിരീകരിച്ചു കഴിഞ്ഞു. ദില്ലിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്ത്ര മന്ത്രാലയം നിർദേശം നൽകി.

Leave A Reply

Your email address will not be published.