Listen live radio

തിരുവാതിരക്ക് പിന്നാലെ ഗാനമേളയും; വിവാദ കേന്ദ്രമായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം

after post image
0

- Advertisement -

തിരുവനന്തപുരം: മെഗാ തിരുവാതിര വിവാദത്തിന് പിന്നാലെ ഗാനമേളയും. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഗാനമേള. കൊവിഡ് ചട്ടം നിലനിൽക്കെയായിരുന്നു കൊവിഡ് ക്ലസ്റ്ററായി മാറിയ വേദിയിൽ ഗാനമേള സംഘടിപ്പിച്ചത്.

തിരുവാതിരയിൽ തുടങ്ങി ഗാനമേളയിലാണ് സിപിഎം സമ്മേളനം അവസാനിച്ചത്. രണ്ട് ദിവസം നീണ്ട ചൂടേറിയ ചർച്ചകൾ, മൂന്ന് ദിവസം നേതാക്കളുടെ പ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞപ്പോഴാണ് ഗാനമേള സംഘടിപ്പിച്ചത്. സമ്മേളന ചിട്ടവട്ടങ്ങൾ പൂർത്തിയായപ്പോൾ പ്രതിനിധികളെ ഉന്മേഷവാന്മാരാക്കാനായിരുന്നു ഗാനമേള. സ്വാഗത സംഘത്തിന്റെ വകയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയതിനെ ഞെട്ടൽ മാറും മുൻപ് നടത്തിയ തിരുവാതിര വൻ വിവാദമായതിന് പിന്നാലെയാണ് ഗാനമേള. തിരുവാതിര നടത്തിയതിലെ അനൗചിത്യം തുറന്ന് പറഞ്ഞുള്ള ക്ഷമാപണത്തിന് പിന്നാലെയാണിതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത.

സൂപ്പർ ഹിറ്റായി മാറിയ പുതിയ സിനിമാ ഗാനങ്ങളാണ് സമ്മേളന വേദിയിൽ ഉത്സാഹഭരിതമാക്കിയത്. കേട്ടുനിന്ന പ്രവർത്തകർക്കും പ്രതിനിധികൾക്കും പരിപാടി ആവേശമായി. തീവ്രമായ കൊവിഡ് വ്യാപനത്തിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം നിലനിൽക്കെയായിരുന്നു കലാപ്രകടനം.

നാല് പേർക്ക് കൊവിഡ് പിടിപ്പെട്ട് കൊവിഡ് ക്ലസ്റ്ററായി മാറിയതിന് പിന്നാലെയാണ് ഇതേ വേദിയിൽ തന്നെ ഗാനമേള സംഘടിപ്പിക്കപ്പെട്ടത്. സമാപന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നത് വരെ പാറശാലയിലെ എസി മുറിയിൽ ഗാനമേളയും ആരവങ്ങളും അലയടിച്ചു.

Leave A Reply

Your email address will not be published.