Listen live radio

റിപ്പബ്ലിക് ദിനത്തിൽ കോളേജുകളിൽ സൂര്യനമസ്‌കാരം നടത്താൻ യു.ജി.സി നിർദേശം

after post image
0

- Advertisement -

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ യോഗാസന സ്പോർട്സ് ഫെഡറേഷൻ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കണമെന്ന് സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി. നിർദേശം. ഫെഡറേഷൻ ത്രിവർണപതാകയ്ക്കുമുന്നിൽ സംഗീത സൂര്യനമസ്‌കാരപരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈസമയം കലാലയങ്ങളിൽ വിദ്യാർഥികൾ യോഗചെയ്യണമെന്നാണ് നിർദേശം. പരിപാടിക്ക് പ്രചാരണം നൽകണമെന്നും ആവശ്യപ്പെട്ടു.

പുതുമോടിയിലുള്ള രാജ്പഥിൽ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം കാഴ്ചയുടെ പൊടിപൂരമാവും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ വിസ്മയക്കാഴ്ച ഒരുക്കാൻ തിരക്കിട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുകയാണ് രാജ്പഥ്. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി സജ്ജമായിക്കഴിഞ്ഞു.

രാവിലെ പത്തരയ്ക്ക് സൈനിക പരേഡ് തുടങ്ങും. പരേഡ് പ്രദർശിപ്പിക്കാൻ രാജ്പഥിന്റെ ഇരുവശങ്ങളിലുമായി പത്ത് വലിയ എൽ.ഇ.ഡി. സ്‌ക്രീനുകൾ സ്ഥാപിക്കും. മുൻവർഷങ്ങളിലെ റിപ്പബ്ലിക് ദിനദൃശ്യങ്ങളും സായുധസേനകളുടെ ഹ്രസ്വചിത്രങ്ങളും ഇതിൽ പ്രദർശിപ്പിക്കും. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച 5000 സൈനികരെ എൻ.സി.സി. പ്രത്യേക ചടങ്ങിൽ ആദരിക്കും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക നന്ദിഫലകം കൈമാറും.

കോവിഡ് പശ്ചാത്തലത്തിൽ 24,000 പേർക്കു മാത്രമാണ് പരേഡ് നേരിട്ടുകാണാൻ അനുമതി. ഇതിൽ 19,000 ക്ഷണിക്കപ്പെട്ടവരും 5000 പൊതുജനങ്ങളും.

Leave A Reply

Your email address will not be published.