Listen live radio

ഉദ്ഘാടനം കഴിഞ്ഞിട്ട് 3 മാസം; ഇടുക്കി മെഡി.കോളേജ് പുതിയ ബ്ലോക്കിൽ കിടത്തിചികിത്സ തുടങ്ങിയില്ല

after post image
0

- Advertisement -

ഇടുക്കി: ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത് മൂന്ന് മാസം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ കിടത്തി ചികിത്സ തുടങ്ങിയില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതാണ് കിടത്തി ചികിത്സ തുടങ്ങാൻ തടസ്സം. മഹാമാരിക്കാലത്ത് ചികിത്സക്കായി ജനം നെട്ടോട്ടമോടുമ്പോഴാണ് ആരോഗ്യ വകുപ്പിൻ്റെ ഈ അനാസ്ഥ.

നവംബർ ഒന്നിന് ഐപി ആരംഭിക്കണമെന്നാണ് കഴിഞ്ഞ സെപ്റ്റംബർ 26 ന് ചേര്‍ന്ന ഇടുക്കി മെഡിക്കൽ കോളേജിലെ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞത്. നവംബർ 13 ന് ഓൺലൈനായി ഉദ്ഘാടനവും നടത്തി. പുതിയതായി പണിത കെട്ടിടത്തിൽ 100 കിടക്കകളും സജ്ജമാക്കി. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. പക്ഷേ, ചികിത്സമാത്രം തുടങ്ങിയില്ല. ജില്ല ആശുപത്രിക്ക് പ്രവർത്തിക്കാൻ ആവശ്യത്തിനുള്ള ജീവനക്കാർ പോലും ഇവിടെയില്ല. പിന്നെങ്ങനെ പുതിയ ബ്ലോക്കിൽ ചികിത്സ തുടങ്ങുമെന്നാണ് അധികൃതർ ചോദിക്കുന്നത്. നഴ്സ്, നഴ്സിംഗ് അസ്സിസ്റ്റൻറ് വിഭാഗത്തിൽ 75 പേരെയെങ്കിലും നിയമിക്കണം. ശുചീകരണത്തിന് 40 പേരെയും ലാബിലേക്ക് പത്തു പേരെയും ഇസിജി എക്സ്റേ ടെക്നീഷ്യന്മാരായി ആറുപേരെ വീതമെങ്കിലും വേണം. സുരക്ഷാ ജീവനക്കാരുട എണ്ണത്തിലും കാര്യമായ കുറവുണ്ട്. പരിശോധിക്കാൻ ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടെന്നതാണ് ഏക ആശ്വാസം.

കൃത്യമായ ചികിത്സ നൽകാൻ മെഡിക്കൽ കോളജിൻ്റെ സ്റ്റാഫ് പാറ്റേണിനനുസരിച്ച് തസ്തിക സൃഷ്ടിക്കണമെന്ന് പല തവണ ആരോഗ്യ വകുപ്പിന് കത്തയച്ചതാണ്. എന്നാൽ നടപടി മാത്രം ഉണ്ടാകുന്നില്ല. ജില്ല ആശുപത്രിയുടെ പഴയകെട്ടിടത്തിൽ 150 പേരെ മാത്രമാണ് ഇപ്പോഴും കിടത്തി ചികിത്സിക്കുന്നത്. ബ്ലോക്കുകൾ തമ്മിൽ നല്ല ദൂരമുള്ളതിനാൽ ജീവനക്കാർക്ക് രണ്ടിടത്തുമെത്തി ചികിത്സ നൽകാനുമാവില്ല.

Leave A Reply

Your email address will not be published.