Listen live radio

ഇന്ന് ലോക കാന്‍സര്‍ ദിനം, ജില്ലയില്‍ മാസം 25 മുതല്‍ 40 വരെ പുതിയ രോഗികള്‍

after post image
0

- Advertisement -

അര്‍ബുദ രോഗത്തെ ഇന്നും ഏറെ ഭീതിയോടെയാണ് സമൂഹം നോക്കി കാണുന്നത്. നിരന്തരമായ ബോധവല്‍ക്കരണ ഇടപെടലുകളിലൂടെ കാന്‍സര്‍ നേരത്തെ കണ്ടെത്താനും ചികിത്സ തേടാനുമുള്ള മനോഭാവത്തിലേക്കു സമൂഹത്തെ മാറ്റിയെടുക്കുകയെന്നതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അര്‍ബുദരഹിത ലോകത്തിനായി എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കാനും ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. ‘കാന്‍സര്‍ പരിചരണ അപര്യാപ്തതകള്‍ നികത്താം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. അര്‍ബുദ ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന രീതിയില്‍ ചികിത്സ രംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുക എന്നതാണ് ഈ കാന്‍സര്‍ ദിനം മുന്നോട്ട് വെക്കുന്ന ആശയം.

 

ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധങ്ങളായ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തുന്നത്. നിലവില്‍ ജില്ലയില്‍ ഒരു മാസം ഏകദേശം 25 മുതല്‍ 40 വരെ എണ്ണം പുതിയ കേസുകളും 1320 ഫോളോ അപ്പ് കേസുകളും ഉണ്ടാകുന്നതായി ഡി.എം.ഒ (ആരോഗ്യം ) കെ. സക്കീന പറഞ്ഞു. ഒരു മാസം ഏകദേശം 385 കീമോതെറാപ്പിയും ജില്ലയില്‍ നടക്കുന്നുണ്ട്. ആകെ 2831 കാന്‍സര്‍ രോഗികളാണ് ജില്ലയില്‍ പാലിയേറ്റിവ് കെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതലായി കണ്ടുവരുന്നത് വായ, ശ്വാസകോശം ,സ്തനം ഗര്ഭാശയഗളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകളുമാണ്. നിലവില്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററായ നല്ലൂര്‍നാട് ഗവണ്മന്റ് ട്രൈബല്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍മാരുടെ നേതൃത്വത്തില്‍ അര്‍ബുദ ചികിത്സ സംവിധാനം ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരിട്ടും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലൂടെയും സ്തനാര്‍ബുദം, വായിലെ കാന്‍സര്‍ , ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ കണ്ടെത്താനുള്ള ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. കാന്‍സര്‍ ദിനചാരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ സ്‌ക്രീനിംഗ് ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും ഈ മാസം അസൂത്രണം ചെയ്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ കെ. സക്കീന അറിയിച്ചു .

Leave A Reply

Your email address will not be published.