Listen live radio

വെളളിമാട്കുന്ന് ബാലികാമന്ദിരത്തിലെ കുട്ടികൾ ഒളിച്ചുകടന്ന സംഭവം; പ്രത്യേക സംഘം ഇന്ന് റിപ്പോർട്ട് നൽകും

after post image
0

- Advertisement -

കോഴിക്കോട്: വെളളിമാട്കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് റിപ്പോർട്ട് നൽകും. പൊലീസ്, ബാലക്ഷേമ സമിതി അംഗങ്ങൾ എന്നിവരുൾപ്പെടുന്ന സംഘമാണ് ബാലികാ മന്ദിരത്തിൽ വിശദ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. സുരക്ഷാ വീഴ്ചസംഭവിച്ചെന്നാണ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ, സിസിടിവി ക്യാമറകളോ സ്ഥാപനത്തില്ലെന്നും സമിതി കണ്ടെത്തി. ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും

നേരത്തെ സംഭവത്തിൽ അന്വേഷണം നടത്തിയ വനിത ശിശുവികസന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് ഇരുവരേയും സ്ഥലംമാറ്റിയിരുന്നു

ജനുവരി 26നാണ് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികൾ ഒളിച്ചു കടന്നത്. കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ മൊഴിനൽകിയിരുന്നു. മാത്രവുമല്ല ഒരു സുരക്ഷയുമില്ലാതെയാണ് ഹോമിന്റെ പ്രവർത്തനമെന്നും വ്യക്തമായിരുന്നു.

ബം​ഗളൂരിവിൽ നിന്ന് പിടിയിലായ പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.