Listen live radio

സൈന്യം, ഡ്രോൺ, ഹെലികോപ്റ്റർ, എവറസ്റ്റ് കീഴടക്കിയവർ; ചരിത്രമായി കൈകോര്‍ത്തൊരു രക്ഷാദൗത്യം

after post image
0

- Advertisement -

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോൾ സമയം ബുധനാഴ്ച രാവിലെ 10.20 കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽ തന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരിക്കുകയാണ്.

സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്റിൽ നിന്നുള്ള ആർമി സംഘവും രക്ഷാപ്രവർത്തനത്തിനായെത്തിയപ്പോൾ എൻഡിആർഎഫിന്റെ ഒരു ബാച്ച് മുഴുവനായി, 21 പേരടങ്ങുന്ന സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്റി ടെററിസ്റ്റ് ടീമും പോലീസും ഉണ്ടായിരുന്നു. ലൈവ് വിവരങ്ങൾക്ക് വേണ്ടി സർവെയുടെ ഡ്രോൺ സംഘവും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു.

ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ മുൻപരിചയമുള്ള ആളുകളേയും ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റിൽ നിന്നുള്ള സംഘത്തിൽ നിന്നുള്ള രണ്ട് പേരായിരുന്നു ഇത്. ഇവരെകൂടാതെ പർവതാരോഹകരും ഉണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ അടക്കമായിരുന്നു സംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയത്. മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘവും സജ്ജമായിരുന്നു. മുകളിലെത്തിയാലുടൻ ചേതക് ഹെലികോപ്റ്റർ വഴി താഴെയെത്തിക്കാൻ വേണ്ടിയുള്ള സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു.

40 മണിക്കൂറിലേറെ വിശപ്പും ദാഹവും സഹിച്ചുകഴിഞ്ഞ ബാബു ഇതിനിടയിൽ സ്വമേധയാ രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ആദ്യം തങ്ങിയിടത്ത് നിന്ന് ഊർന്ന് മറ്റൊരിടം വരെ ബാബു എത്തിയിരുന്നു. എന്നാൽ പിന്നീട് ചെങ്കുത്തായ കൊക്ക ആയത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങുകയായിരുന്നു. ഒടുവിൽ ബാബു തന്നെയാണ് താൻ ഇത്തരത്തിൽ ഒരു അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് അറിയിച്ചത്. ചെങ്കുത്തായ മല ആയത് കൊണ്ട് തന്നെ റോപ്പ് ഇട്ട് കൊടുത്ത് രക്ഷിക്കുക എന്നത് ശ്രമകരമായിരുന്നു.

 

 

Leave A Reply

Your email address will not be published.