Listen live radio

സ്വപ്നയുടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവം: പോലീസുകാർക്കെതിരെ ഇ.ഡി അന്വേഷണത്തിന് സാധ്യത

after post image
0

- Advertisement -

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇ.ഡിയെ വിരട്ടാൻ സ്വപ്നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഉണ്ടായേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റേതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ച പോലീസുകാർക്കെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണമുണ്ടായേക്കും.

ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറിൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആ ശബ്ദസന്ദേശം താനാണു റെക്കോർഡ് ചെയ്തു പുറത്തുവിട്ടതെന്നും ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ അന്വേഷണത്തിന് വഴിവെച്ചത്.

സ്വപ്നയുടെ അന്നത്തെ ശബ്ദ സന്ദേശത്തിന്റെ ബലത്തിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും അതിലെ ശബ്ദം സ്വപ്നയുടേതാണെന്ന് തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നില്ല. ഇതിന്റെ അന്വേഷണം വഴിമുട്ടി നിൽക്കെയാണ് പോലീസിന് കുരുക്കായി സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നത്. ഇതോടെ കാര്യങ്ങൾ ഇ.ഡിക്ക് എളുപ്പമായി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചത് ജയിൽ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കിൽ സിബിഐ അന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെടാമെന്നും ഇ.ഡിക്ക് അന്ന് നിയമോപദേശം ലഭിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇഡി തയ്യാറായേക്കുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.