Listen live radio

വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കാൻ ഒരുങ്ങി വനംവകുപ്പ്; അതൃപ്തി അറിയിച്ച് വനം മന്ത്രി

after post image
0

- Advertisement -

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ മന്ത്രി എകെ ശശീന്ദ്രന് അതൃപ്തി. വനം വകുപ്പ് മേധാവിയുടെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി വിളിപ്പിച്ചു. കേസ് നടപടി വേഗത്തിലായിപ്പോയെന്ന് മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു. മുൻ മന്ത്രി എ.കെ ബാലൻ, ഡിഎംഒ ഡോ കെപി റീത്ത എന്നിവർ ബാബുവിനെ ഐസിയുവിൽ കാണുന്നു. ജില്ലാ കളക്ടർ മൃൺമയി ജോഷി ബാബുവിനെ വിളിച്ച് ആരോഗ്യ വിവരം തിരക്കി. ബാബുവിന്റെ കുടുംബത്തിനോ ബാബുവിനോ സ്പർധ ഉണ്ടാക്കുന്നതൊന്നും വനം വകുപ്പ് ചെയ്യില്ലെന്ന് എകെ ബാലൻ വ്യക്തമാക്കി.

ബാബുവിന് ഇന്നലെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകിയെന്ന് ഡിഎംഒ ഡോ കെപി റീത്ത പറഞ്ഞു. സിടി സ്‌കാൻ എടുത്തു. അതിൽ കുഴപ്പമില്ല. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇദ്ദേഹത്തെ വീട്ടുകാർ കാണുന്നുണ്ടെന്നും അവർ പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല. ആരോഗ്യ നില തൃപ്തികരമാണെങ്കിലും ഇന്ന് ഡിസ്ചാർജ് ചെയ്യില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. സംഭവം വാർത്തയായതിന് പിന്നാലെ കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം കേസെടുക്കുന്നതിനെതിരെ മന്ത്രി രംഗത്ത് വന്നു. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു ആലോചന. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.

Leave A Reply

Your email address will not be published.