Listen live radio

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഡ്യൂട്ടി ഫ്രീ തിരിമറി, യാത്രക്കാരുടെ വിവരങ്ങൾ മലേഷ്യൻ കമ്പനിക്ക്

after post image
0

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഡ്യൂട്ടി ഫ്രീ തിരിമറി കണ്ടെത്തി. 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോർജ് വഴിവിട്ട് വൻ ഇടപെടൽ നടത്തിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കാരുടെ പാസ്‌പോർട്ട് നമ്പർ ശേഖരിച്ച ശേഷം ഒരേ നമ്പർ ഉപയോഗിച്ച് പല പേരുകളിൽ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. വിദേശ നിർമ്മിത വിദേശ മദ്യം അടക്കം ഇത്തരത്തിൽ തിരുവനന്തപുരത്തെ മുൻനിര ഹോട്ടലുകളിൽ എത്തിച്ചിട്ടുണ്ട്.

തട്ടിപ്പിന് സഹായം നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറിന്റെ പണമടച്ചത് പോലും മലേഷ്യൻ കമ്പനിയാണെന്ന് വ്യക്തമായി. കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോർജ് എയർലൈൻ കമ്പനികൾക്ക് കത്ത് നൽകി യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവെന്നും ഇത് മലേഷ്യൻ കമ്പനിയായ പ്ലസ് മാക്‌സിന് കൈമാറിയെന്നും റിമാന്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഇത്തരത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത 13000ത്തോളം യാത്രക്കാരുടെ വിവരങ്ങൾ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. മലേഷ്യൻ കമ്പനിയുടെ ഉപകമ്പനിയാണ് പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്നത്.

Leave A Reply

Your email address will not be published.