Listen live radio

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോര്‍ജ്

after post image
0

- Advertisement -

തിരുവനന്തപുരം: ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വളരെ ശ്രദ്ധേയമായ ഇടപെടലുകളുണ്ടാകും. ആരോഗ്യ മേഖല നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴും വളരെ മികച്ച രീതിയില്‍ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചു. പകര്‍ച്ചവ്യാധികളെ തുടച്ചുനീക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി എസ്.എച്ച്.എസ്.ആര്‍.സി.യില്‍ സംഘടിപ്പിച്ച ജില്ലാ നോഡല്‍ ഓഫീസര്‍മാരുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ദ്രം മിഷന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണൊരുക്കി വരുന്നത്. ചികിത്സാ തലത്തിലും വലിയ മാറ്റമുണ്ടാക്കി. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണ്. ദേശീയ ആരോഗ്യ സുസ്ഥിര വികസനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ആര്‍ദ്രം നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കിഫ്ബിയിലൂടെയും അല്ലാതെയും ലഭിച്ച തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

നവകേരളം കര്‍മ്മ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. സൂക്ഷ്മമായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ശക്തമായ നിരീക്ഷണവുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.