Listen live radio

ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ, നിർണായക വിധി

after post image
0

- Advertisement -

കൊച്ചി: കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചേ തീരൂ എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നതാണ് ഇനി പ്രധാനം.

വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്.

നമ്മുടെ രാജ്യത്ത് നിലനിന്ന നിയമം തന്നെയാണിതെന്നും, ഇത് സിനിമാ സംഘടനകളെക്കൊണ്ടും അഭിനേതാക്കളുടെ സംഘടനയെക്കൊണ്ടും അംഗീകരിപ്പിക്കാൻ നിയമപോരാട്ടം വേണ്ടി വന്നു എന്നതാണ് നിർഭാഗ്യകരമെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പ്രതികരിക്കുന്നു. വളരെ സ്വാഗതാർഹമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാനവനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉടനടി പഠിച്ച് നിയമനിർമാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാൻ നിയമനിർമാണം അത്യാവശ്യമാണെന്നും സജി ചെറിയാൻ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.