Listen live radio

മെഡിക്കൽ കോളേജ് മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ വയനാട് ജില്ല

after post image
0

- Advertisement -

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിനുള്ള സ്ഥിരം കെട്ടിടത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ ജില്ലയിലെ ആരോഗ്യരംഗം. കഴിഞ്ഞദിവസം ജില്ലയിലെത്തിയപ്പോഴാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇക്കാര്യം പറഞ്ഞത്.

നിലവിലുള്ള സൗകര്യംവെച്ച് മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനാകില്ല. പുതിയ കെട്ടിടം വേഗത്തിൽ നിർമിച്ച് അധ്യയനവുംകൂടി തുടങ്ങിയാലേ മെഡിക്കൽ കോളേജിന്റെ ഗുണം വയനാട്ടുകാർക്ക് ലഭിക്കൂ.

ജില്ലാ ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങൾപോലും ഇല്ലാതിരുന്നപ്പോഴാണ് മെഡിക്കൽ കോളേജായി ഉയർത്തിയത്. മെഡിക്കൽ കോളേജിലേക്ക് പുതിയ 140-തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഉപയോഗപ്പെടുന്നില്ല. ഇതുവരെ അധ്യയനം തുടങ്ങാത്ത മെഡിക്കൽ കോളേജിൽ 115 അധ്യാപക തസ്തികയും 25 അനധ്യാപക തസ്തികയുമാണ് അനുവദിച്ചത്.

നഴ്‌സ്, നഴ്‍സിങ് അസിസ്റ്റൻറ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ അനുബന്ധജീവനക്കാരുടെ തസ്തികകൾ ഇല്ലാത്തതിനാൽ ഡോക്ടർമാരിൽ ചിലർ ജില്ലാ ആശുപത്രി ഒ.പി.യിൽ രോഗികളെ പരിശോധിക്കുന്നുണ്ട്. മറ്റു ചിലർ അവധിയിലാണ്.

ശസ്ത്രക്രിയാവിഭാഗം മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജ് വകുപ്പ് എന്നരീതിയിൽ പ്രവർത്തിക്കുന്നത്. ഈ വകുപ്പിനും അനുബന്ധജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. മെഡിക്കൽ കോളേജ് തവിഞ്ഞാൽ ബോയ്‌സ് ടൗണിൽതന്നെ നിർമിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കാത്ത്‌ലാബിന് കാത്തിരിക്കേണ്ട; ട്രാൻസ്‌ഫോർമറിന് എം.എൽ.എ.യുടെ അമ്പതുലക്ഷം

മെഡിക്കൽ കോളേജിന് അനുവദിച്ച കാത്ത്‌ലാബ് ഇതുവരെയും പ്രവർത്തനം തുടങ്ങാത്തതിനാൽ ജനം ഏറെ നിരാശരായിരുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും ആശുപത്രിയിൽ ഒരു ഹൃദ്രോഗ വിദഗ്‌ധൻ പോലുമില്ല. സർക്കാർതലത്തിൽ ജില്ലയിൽ ഹൃദ്രോഗ വിദഗ്‌ധന്റെ സേവനമില്ല. കാത്ത്‌ലാബ് വേഗംതന്നെ പ്രവർത്തനസജ്ജമാക്കുമെന്ന്‌ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഒ.ആർ. കേളു എം.എൽ.എ.യുടെ പ്രത്യേക താത്‌പര്യ പ്രകാരം നിയോജകമണ്ഡലത്തിലെ ആസ്തിവികസന പദ്ധതിയിലുൾപ്പെടുത്തി കാത്ത്‌ലാബിന് ആവശ്യമായ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് അമ്പതുലക്ഷം ഭരണാനുമതി നൽകിയിട്ടുണ്ട്. 500 കെ.വി. ട്രാൻസ്‌ഫോർമറാണ് സ്ഥാപിക്കുക. കാത്ത്‌ലാബിന്റെ കെട്ടിട സൗകര്യമൊക്കെ പൂർത്തിയായാലും നിലവിലുള്ള 250 കെ.വി. ട്രാൻസ്‌ഫോർമർകൊണ്ട് ലാബ് പ്രവർത്തിപ്പിക്കാനാകില്ല. പുതിയ ട്രാൻസ്‌ഫോർമർ വന്നാൽ കാത്ത്‌ലാബിനുപുറമെ പുതിയ അലക്കു യന്ത്രവും പ്രവർത്തിപ്പിക്കാം.

മറ്റു ആശുപത്രികളിലും വേണം അനുബന്ധജീവനക്കാർ

മെഡിക്കൽ കോളേജിൽ മാത്രമല്ല ജില്ലയിലെ മിക്ക സർക്കാർ ആശുപത്രിയിലും ഡോക്ടർമാർക്ക് ആനുപാതികമായ അനുബന്ധ ജീവനക്കാരില്ല. കിടക്കസൗകര്യത്തിന് അനുയോജ്യമായരീതിയിൽ ജീവനക്കാരുടെ തസ്തികകൂടി സൃഷ്ടിക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രിയായിരിക്കുമ്പോഴുള്ള 274 കിടക്കസൗകര്യമാണ് മെഡിക്കൽ കോളേജിൽ ഇപ്പോഴുമുള്ളത്. കിടക്കസൗകര്യം 500 ആയി വർധിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിമിതി കാരണം ഇതു നടപ്പാക്കാനായില്ല. മെഡിക്കൽ കോളേജിനു സമീപമുയരുന്ന ഏഴുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.

Leave A Reply

Your email address will not be published.