Listen live radio

നല്ല ആത്മവിശ്വാസമുണ്ടെന്ന് ഉമ തോമസ്, ശുഭപ്രതീക്ഷയെന്ന് ജോ ജോസഫ്; വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍

after post image
0

- Advertisement -

കൊച്ചി: തൃക്കാക്കരയില്‍ ഉറച്ച ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും. പാലാരിവട്ടത്ത് സ്‌കില്‍ ടെക്ക് പ്രൈവറ്റ് ഐടിഐയിലെ 58-ാം നമ്പര്‍ ബൂത്തിലാണ് ഉമാ തോമസ് വോട്ട് രേഖപ്പെടുത്തിയത്. പടമുകളിലെ ഗവ. യൂ പി സ്‌കൂളില്‍ എത്തിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫും ഭാര്യ ലയയും വോട്ട് രേഖപ്പെടുത്തിയത്.

 

നല്ല ആത്മവിശ്വാസമുണ്ടെന്നാണ് വോട്ട് ചെയ്ത് പുറത്തെത്തിയ ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. “പിടിയുടെ ആത്മാവ് എന്നോടുകൂടെയുണ്ട്. ഈശ്വരാനുഗ്രഹമുണ്ട്. തൃക്കാക്കരയിലെ ജനത എന്നെ മനസ്സില്‍ അംഗീകരിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ് പോകുന്നത്. തീര്‍ച്ചയായും നല്ല വിജയം നേടും. പ്രകൃതി പോലും അനുഗ്രഹിച്ചിരിക്കുകയാണ്. രാവിലെ മഴ ഉണ്ടാകുമോയെന്ന് ഒരുപാട് പേര് സംശയിച്ചിരുന്നു. എല്ലാം അനുകൂലമായ ഘടകങ്ങളാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും എനിക്കുണ്ടാകും എന്നുതന്നെ വിശ്വസിക്കുന്നു. പിടിയെ പ്രാര്‍ത്ഥിച്ചുകൊണ്ടുതന്നെയാണ് വോട്ട് ചെയ്തത്. പിടിക്ക് വേണ്ടി പിടിയുടെ പിന്‍ഗാമി ആകാനായിട്ട് ആണല്ലോ ഞാന്‍ നില്‍ക്കുന്നത്. പിടിയുടെ ഒരു പൂര്‍ത്തീകരണം അത് തന്നെയാണ് എന്റെ മനസ്സില്‍ വേറെയൊന്നുമില്ല”, ഉമ പറഞ്ഞു.

അതേസമയം നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഇക്കുറി ഇടതുപക്ഷം അട്ടിമറി ജയം നേടുമെന്നുമാണ് ജോ ജോസഫിന്റെ വാക്കുകള്‍. “നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ആ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയായിരുന്നു. ഇന്ന് പൂര്‍ണ്ണ തൃപ്തിയുണ്ട്. കാരണം ധാരാളം ആളുകള്‍ രാവിലെ തന്നെ പോളിങ്ങിനായി തന്നെയെത്തിരിക്കുന്നു. യാതൊരു സംശയവുമില്ല ഇപ്രാവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃക്കാക്കരയില്‍ അട്ടിമറി വിജയം നേടിയിരിക്കും. പോളിംഗ് ശതമാനം ഉയരുന്നത് തീര്‍ച്ചയായും ഇടതുപക്ഷത്തിന് ഗുണം ചെയ്യും. തെളിഞ്ഞ ആകാശം മനസ്സും തെളിഞ്ഞിരിക്കുന്നു യാതൊരു സംശയവുമില്ല ശുഭപ്രതീക്ഷ”, ജോ ജോസഫ്  പറഞ്ഞു.

Leave A Reply

Your email address will not be published.