Listen live radio

മാസം 500 രൂപ, പ്രീമിയം ജൂണിലെ ശമ്പളം മുതല്‍ ഈടാക്കും; ‘മെഡിസെപ്’ ഉത്തരവിറങ്ങി

after post image
0

- Advertisement -

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്’ നടപ്പിലാക്കി
ഉത്തരവിറങ്ങി. പദ്ധതി ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വര്‍ഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും നല്‍കണം. ജൂണ്‍ മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും പ്രീമിയം തുക ഈടാക്കും.

 

ഓറിയന്റല്‍ ഇന്‍ഷുറന്‍സിനാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികളെ എം പാനല്‍ ചെയ്യുന്നത് മൂന്നുദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു. തീരുമാനമായാല്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങും.

ചികിത്സാ പാക്കേജുമായി ബന്ധപ്പെട്ട് ചില ആശുപത്രികള്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച് പദ്ധതിയില്‍ ചേരാന്‍ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആശുപത്രികളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ധനവകുപ്പു സെക്രട്ടറിയും ആശുപത്രികളുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ ലഭിക്കൂവെന്നാണ് വിവരം.

ഗുണഭോക്താക്കൾ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ്, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വിരമിച്ച എംഎല്‍എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി

Leave A Reply

Your email address will not be published.