Listen live radio

പ്രിയാ വര്‍ഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രം; ഗവര്‍ണര്‍ക്ക് പുതിയ പരാതി

after post image
0

- Advertisement -

തിരുവനന്തപുരം: എട്ടു വര്‍ഷത്തെ അധ്യാപന പരിചയം വേണ്ട കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഒന്നാം റാങ്കിലെത്തിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്ന് ഗവര്‍ണര്‍ക്ക് പരാതി. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം നിശ്ചിത പ്രവൃത്തി പരിചയം ആവശ്യമുള്ള തസ്തികകളില്‍ യോഗ്യതാ പരീക്ഷ പാസായ ശേഷമുള്ള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കാവൂ എന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2014ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ വിധി ശരി വെച്ചിട്ടുമുണ്ട്.

 

പ്രിയാ വര്‍ഗീസ് 2019ലാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയത്. തുടര്‍ന്ന് രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടറായി ഡെപ്യൂട്ടഷനില്‍ നിയമിക്കപെട്ടു. 2021 ജൂണ്‍16 ന് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ പുന:പ്രവേശിച്ചു. 2021 ജൂലായ് ഏഴു മുതല്‍ സംസ്ഥാന ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ തുടരുന്നു. സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവ അനധ്യാപക തസ്തികകളാണ്. യൂജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് ഗവേഷണബിരുദവും എട്ടു വര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. 2019 ല്‍ പിഎച്ച്ഡി ബിരുദം നേടിയശേഷം പ്രിവര്‍ഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 2021 നവംബര്‍ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം വിസിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി, നവംബര്‍ 18 ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചു.

പ്രിയ വര്‍ഗീസ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ 2012 മാര്‍ച്ച് മുതല്‍ 2021 വരെ ഒന്‍പത് വര്‍ഷം കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നുവര്‍ഷം ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനിലായിരുന്നതും മറച്ചുവെച്ചാണ് അപേക്ഷ സമര്‍പ്പിച്ചത്.

പിഎച്ച്ഡി ബിരുദം നേടിയ ശേഷമുള്ള അധ്യാപന പരിചയം മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂവെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിന്റെ പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

Leave A Reply

Your email address will not be published.