Listen live radio

വായ്പാ തിരിച്ചടവിനു കൂടുതല്‍ സമയം അവകാശമല്ല; കരാര്‍ ലംഘനമെന്ന് സുപ്രീം കോടതി

after post image
0

- Advertisement -

ന്യൂഡല്‍ഹി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടച്ചുതീര്‍ക്കാന്‍ ധാരണയായ വായ്പയ്ക്കു തിരിച്ചടവിനു കൂടുതല്‍ സമയം തേടുന്നത് വായ്പയെടുത്തയാളുടെ അവകാശമല്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ കൂടുതല്‍ സമയം തേടുന്നത് കരാര്‍ ലംഘനമായേ കാണാനാവൂ എന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

വായ്പയെടുത്ത കമ്പനിക്കു തിരിച്ചടവിനു കൂടുതല്‍ സമയം നല്‍കിയ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. രണ്ടര കോടി രൂപ തിരിച്ചടയ്ക്കാന്‍ ആറ് ആഴ്ചയാണ് ഹൈക്കോടതി അധിക സമയം അനുവദിച്ചത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ ബാങ്കും വായ്പയെടുത്തയാളും തമ്മിലുള്ള കരാര്‍ ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഏകപക്ഷീയമായി ഈ കരാറില്‍ മാറ്റം വരുത്താനാവില്ല. ഹൈക്കോടതി നടപടി അധികാര പരിധി വിട്ടാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ കരാര്‍ നിയമം അനുസരിച്ച് കരാറില്‍ മാറ്റം വരുത്താന്‍ കക്ഷികളുടെ പരസ്പര സമ്മതം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വായ്പ തീര്‍പ്പാക്കാന്‍ ബാങ്ക് തന്നെയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുന്നോട്ടുവച്ചത്. അതിന്റെ വ്യവസ്ഥകള്‍ വായ്പയെടുത്തയാള്‍ അംഗീകരിക്കുകയായിരുന്നു. 25 ശതമാനം ആദ്യമേ അടയ്ക്കണെന്നും ശേഷിച്ച തുക ആറു മാസത്തിനകം അടയ്ക്കണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ കാലളയവ് ദീര്‍ഘിപ്പിക്കാനായി കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വായ്പ തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കല്‍ വായ്പയെടുത്തയാളുടെ അവകാശമായി കാണാനാവില്ലെന്ന്, അപ്പീല്‍ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.