Listen live radio

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലയില്‍ 2400 സംരംഭങ്ങള്‍ ഒരുങ്ങുന്നു

5038 തൊഴില്‍ അവസരങ്ങള്‍

after post image
0

- Advertisement -

സംസ്ഥാനസര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന നേട്ടം കൈവരിക്കാന്‍ വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പദ്ധതിക്ക് കീഴില്‍ ഇതുവരെ 2400 സംരംഭങ്ങള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. 151.24 കോടി രൂപയുടെ നിക്ഷേപമാണ് ആറ് മാസത്തിനുള്ളില്‍ ജില്ലയിലുണ്ടായത്. 5038 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന നേട്ടം കൈവരിക്കാന്‍ ജില്ല ലക്ഷ്യം വെക്കുന്നത് 3687 സംരംഭങ്ങളാണ്. വെള്ളമുണ്ട, വൈത്തിരി പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും 100 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്.
അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ലൈസന്‍സ്, സബ്‌സിഡി, ലോണ്‍ മേളകള്‍ നടന്നു. സംരംഭകര്‍ക്കായി പ്രത്യേക പരിശീലനങ്ങളും ശില്‍പശാലകളും സാങ്കേതികസഹായങ്ങളും ജില്ലാ വ്യവസായ വകുപ്പ് ഉറപ്പാക്കുന്നു.
ജില്ലയില്‍ ശില്‍പശാലകള്‍ ഏകോപിപ്പിക്കാനും സബ്‌സിഡി, വായ്പ സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവല്‍ക്കരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 29 ഇന്റേണുകളെയാണ് നിയമിച്ചിട്ടുള്ളത്. ഇതില്‍ പഞ്ചായത്തുകളില്‍ ഒരോ ഇന്റേണ്‍ വീതവും മുനിസിപ്പാലിറ്റികളില്‍ രണ്ട് ഇന്റേണ്‍ വീതവുമാണുള്ളത്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മറ്റ് കൂട്ടായ്മകളുടെയും സഹായ സഹകരണത്തോടെയാണ് ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്.
ഭക്ഷ്യ സംസ്‌ക്കരണം, വസ്ത്രനിര്‍മ്മാണം, ഐസ് പ്ലാന്റ്, കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡി.ടി.പി, ഓണ്‍ലൈന്‍ സര്‍വീസ് സെന്ററുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ സേവന മേഖലകളും ജില്ലയിലെ പ്രധാനപ്പെട്ട സംരഭങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ജില്ലയില്‍ ഡ്രൈ ഫ്രൂട്ട്‌സ് കയറ്റുമതിയിലാണ് കുടുതല്‍ സംരംഭങ്ങളുള്ളത്.
വ്യവസായ മേഖലയില്‍ തൊഴിലന്വേഷകരും ചെറുപ്പക്കാരും സ്ത്രീകളും വിദ്യാര്‍ത്ഥികളും സംരംഭകരായി മാറുന്നതോടെ വ്യവസായ നിക്ഷേപം വര്‍ദ്ധിക്കുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ പദ്ധതി സാമ്പത്തിക വ്യവസായിക ഉണര്‍വ്വിനൊപ്പം യുവ തലമുറയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് കൂടിയാണ് വഴിയൊരുക്കുന്നത്.

Leave A Reply

Your email address will not be published.