Listen live radio

കടുവാഭീതി: വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ നാളെ അവധി; മാനന്തവാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

after post image
0

- Advertisement -

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ടു പഞ്ചായത്തുകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 

അതേസമയം, കടുവ പതിയിരിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവയെ മയക്കുവെടിവയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പുതുശേരിക്കടുത്ത് വെള്ളാരംകുന്നില്‍ തോമസ് (സാലു-50) കടുവയുടെ ആക്രണത്തിന് ഇരയായത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ, ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

തോസിന്റെ മരണത്തിന് പിന്നാലെ, കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തോമസിനെ ആക്രമിച്ച പ്രദേശം വന്യജീവി ശല്യമുണ്ടാകുന്ന പ്രദേശമല്ലെന്നും രാവിലെ ആക്രമണം നടത്തിയിട്ടും ഇതുവരെയും കടുവയെ പിടിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.