Listen live radio

ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ?; ദിവസങ്ങള്‍ക്കകം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

after post image
0

- Advertisement -

ന്യൂഡല്‍ഹി: ഇനിയും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തന രഹിതമാകും. മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നും സാമ്പത്തിക ഇടപാടുകളെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

2022 മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്നായിരുന്നു പ്രത്യക്ഷനികുതി ബോര്‍ഡ് ഉത്തരവിട്ടിരുന്നത്. അല്ലാത്ത പക്ഷം ആയിരം രൂപ പിഴയായി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ 2023 മാര്‍ച്ച് വരെ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് കഴിഞ്ഞാല്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പില്‍ പറയുന്നത്.

നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നകം ഇത് പൂര്‍ത്തിയാക്കണമെന്നതായിരുന്നു അവസാന നിര്‍ദേശം. സമയപരിധിക്കുള്ളില്‍ നിര്‍ദേശം പാലിക്കാത്തവരില്‍ നിന്ന് ആയിരം രൂപ പിഴയിടാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31 വരെ വിവിധ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഇളവ് അനുവദിക്കുകയായിരുന്നു. എന്നാല്‍ പിഴ ഒടുക്കി ഇനിയും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ചിന് ശേഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇ -ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. ഇനി ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.