Listen live radio
- Advertisement -
കല്‍പ്പറ്റ: കായിക പ്രേമികള്‍ സാമ്പത്തികമായി പിന്തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ വയനാട് വെള്ളമുണ്ട ഒഴുക്കന്‍മൂല വട്ടക്കൊല്ലി ഷീന ദിനേശന്‍ ദുബായ് വെറ്ററന്‍സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്നു. ഒക്ടോബര്‍ 27,28,29 തീയതികളിലാണ് ചാമ്പ്യന്‍ഷിപ്പ്. കേന്ദ്ര, സംസ്ഥാന കായിക മന്ത്രാലയങ്ങളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സാമ്പത്തിക സാഹയത്തിന്റെ അഭാവത്തില്‍ ദുബായ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടുപോകുമോ എന്ന ശങ്ക 50കാരിയായ ഷീനയെ അലട്ടുന്നുണ്ട്.
മെയ് 12 മുതല്‍ 20 വരെ സൗത്ത് കൊറിയയില്‍ നടന്ന എഷ്യന്‍ പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ രാജ്യത്തിനുവേണ്ടി രണ്ട് വെള്ളി മെഡലുകളാണ് ഷീന നേടിയത്. 80 മീറ്റര്‍ ഹര്‍ഡില്‍സിലും ഹാമര്‍ത്രോയിലും(നാല് കിലോഗ്രാം) ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 14.80 മീറ്റര്‍ എറിഞ്ഞായിരുന്നു ഹാമര്‍ ത്രോ നേട്ടം.
ബംഗളൂരു പ്രൊജക്ട് വിഷന്‍, ഒഴുക്കന്‍മൂല സര്‍ഗ ഗ്രന്ഥാലയം, വെള്ളമുണ്ട പബ്ലിക് ലൈബറി, തരുവണ വനിതാ സഹകരണ ബാങ്ക്, വെള്ളമുണ്ട പഞ്ചായത്ത്, വ്യാപാരി വ്യവസായി സമിതി, ചെറുകര റിനൈസന്‍സ് ലൈബ്രറി, കേരള ഗ്രാമീണ ബാങ്ക് വെള്ളമുണ്ട ശാഖ, കെഎസ്എഫ്എ പടിഞ്ഞാറത്തറ ശാഖ, വെള്ളമുണ്ട കെഎസ്ഇബി ഓഫീസ്, വയനാട് പ്രവാസി വെല്‍ഫെയര്‍ ഗ്രൂപ്പ് എന്നിവയുടെയും ഒ.ആര്‍. കേളു എംഎല്‍എ, സഹപാഠികള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയും സഹകരണമാണ് സൗത്ത് കൊറിയയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ ഷീനയ്ക്കു സഹായകമായത്. ഇതുപോലെ ദുബായ് യാത്രയും സാധ്യമാകുമെന്ന വിശ്വാസത്തിലാണ് അവര്‍. 2024ല്‍ അമേരിക്കയില്‍ നടക്കുന്ന വേള്‍ഡ് മീറ്റിലേക്കും ഷീനയെ തെരഞ്ഞെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മാതമംഗലം സ്വദേശിനിയാണ് ഷീന. ഹൈസ്‌കൂള്‍ പഠനകാലത്തു സ്്‌പോര്‍ട്‌സില്‍ സജീവമായിരുന്ന അവര്‍ 18 വര്‍ഷം മുമ്പാണ് വട്ടക്കൊല്ലി ദിനേശന്റെ ജീവിതസഖിയായി വെള്ളമുണ്ടയിലെത്തിയത്. ജീവിതയാത്ര തുടരുന്നതിനിടെ 2018ല്‍ മാനന്തവാടിയില്‍ കായിക മത്സരത്തിനു മകനു കൂട്ടുപോയ ഷീന മുതിര്‍ന്നവര്‍ക്കായി നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ഇത് അവരുടെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. കുടുംബത്തിന്റെ പിന്തുണയോടെ കായിക പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ ഷീന പിന്നീട് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ വെറ്ററന്‍സ് മീറ്റുകളില്‍ നേടിയത് നിരവധി മെഡലുകള്‍.
2022 മെയില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ ഷീന ഹാമര്‍ ത്രോയില്‍ സ്വര്‍ണവും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടി. അതേവര്‍ഷം നവംബറില്‍ നാസിക്കില്‍ നടന്ന ദേശീയ വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പിലും മികച്ച് പ്രകടനം കാഴ്ചവച്ചു. ഡിസ്‌കസ് ത്രോയില്‍ ഒന്നാം സ്ഥാനം നേടിയ ഷീന ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, 200 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേ എന്നിവയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവര്‍ ഉള്‍പ്പെടുന്ന ടീം 100 മീറ്റര്‍, 400 മീറ്റര്‍ റിലേകളില്‍ വെങ്കലവും നേടി.
കഴിഞ്ഞ ഫെബ്രുവരിയില്‍ വരാണസിയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് മീറ്റിലും വ്യക്തിമുദ്ര പതിച്ചാണ് ഷീന മടങ്ങിയത്. മീറ്റില്‍ ഹാമര്‍ ത്രോയിലും 3,000 മീറ്റര്‍ നടത്തത്തിലും സ്വര്‍ണം നേടിയ അവര്‍ ഹര്‍ഡില്‍സ്, ഡിസ്‌കസ് ത്രോ എന്നിവയില്‍ വെള്ളിയും 100, 400 മീറ്റര്‍ റിലേകളില്‍ വെങ്കലും കരസ്ഥമാക്കി. നാസിക്കില്‍ നടന്ന മത്സരമാണ് സൗത്ത് കൊറിയല്‍ ഏഷ്യ പസഫിക് മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനു വഴി തുറന്നത്.
മാസ്റ്റേഴ്‌സ്-വെറ്ററന്‍സ് മീറ്റുകളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുനേരേ സര്‍ക്കാരുകളും സ്‌പോര്‍ട്‌സ് കൗണ്‍സിലും കണ്ണുതുറക്കണമെന്നാണ് ഷീനയുടെ അഭ്യര്‍ത്ഥന.