Listen live radio

ട്രേഡിങ് തട്ടിപ്പ്; ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍

after post image
0

- Advertisement -

 

സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ്ങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവരുന്ന വന്‍ തട്ടിപ്പ് സംഘത്തെ ബത്തേരി പോലീസ് ബംഗളൂരില്‍ നിന്നും പിടികൂടി. തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിന്‍(28), കഴക്കൂട്ടം, ഷീല ഭവന്‍ അനന്തു(29), പാലക്കാട് സ്വദേശി ആനക്കര, കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി, കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരെയാണ് തിങ്കളാഴ്ച രാത്രിയോടെ ബംഗളൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ്. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകളും, 8 സിം കാര്‍ഡുകളും, 9 എ.ടി.എം കാര്‍ഡുകളും, 8,40,000 രൂപയും ബന്തവസിലെടുത്തു. വിശ്വാസ വഞ്ചന നടത്തി പല തവണകളിലായി 2,30,000 രൂപ കവര്‍ന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് നടത്തിയ കൃത്യമായ അന്വേഷണമാണ് വന്‍ തട്ടിപ്പ് സംഘത്തിലേക്കെത്തിയത്. 2023 ഒക്ടോബര്‍ മാസത്തിലാണ് കുപ്പാടി സ്വദേശിയില്‍ നിന്ന് ട്രേഡ് വെല്‍ എന്ന കമ്പനിയില്‍ ട്രേഡിങ് ചെയ്യുകയാണെങ്കില്‍ സര്‍വീസ് ബെനഫിറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവരുന്നത്. മറ്റു പലരില്‍ നിന്നും ഇതേ രീതിയില്‍ സംഘം കബളിപ്പിച്ച് പണം കവര്‍ന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനധികൃതമായി സമ്പാദിക്കുന്ന ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് വിവിധ വ്യക്തികളെ ബന്ധപ്പെട്ട് പണം തട്ടിയ ശേഷം ആ നമ്പരുകള്‍ ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതി. ശേഷം ഫോണില്‍ മറ്റു സിം കാര്‍ഡുകളിട്ട് പുതിയ ആളുകളെ തേടും. ഇവര്‍ അനധികൃതമായി സംഘടിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ലക്ഷകണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളും കസ്റ്റമര്‍ ഡേറ്റാ ബേസുകളും തരപ്പെടുത്തികൊടുക്കുന്ന കര്‍ണാടക സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണവും എത്ര പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമമവും ഊര്‍ജിതമാക്കി. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സി.എം. ലബ്നാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.ബി. അജിത്ത്, ടി.ആര്‍. രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.