Listen live radio

രാത്രിയാത്രാവിലക്ക്: കര്‍ണാടക ഉപ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷയായി

after post image
0

- Advertisement -

 

 

കല്‍പ്പറ്റ: ദേശീയപാത 766ല്‍ ബന്ദിപ്പുര വനഭാഗത്തു നിലനില്‍ക്കുന്ന രാത്രിയാത്രാ വിലക്ക് നീക്കുന്നതിനു സഹായകമായ നിലപാട് സ്വീകരിക്കുമെന്ന കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന വയനാടിനു പ്രതീക്ഷയായി. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുട്ടിലില്‍ യുഡിഎഫ് പ്രദേശിക കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയായിരുന്നു ദേശീയപാതയിലെ രാത്രിയാത്രാ വിഷയത്തില്‍ ഡി.കെ. ശിവകുമാറിന്റെ വാഗ്ദാനം. കര്‍ണാടകയിലെ മലയാളി വിദ്യാര്‍ഥികള്‍, ലീസ് കര്‍ഷകര്‍ എന്നിവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും ശിവകുമാര്‍ പ്രസ്താവന നടത്തുകയുണ്ടായി.
കോഴിക്കോടിനെ സുല്‍ത്താന്‍ ബത്തേരി വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 766 എന്ന് പുനര്‍നാമകരണം ചെയ്ത എന്‍എച്ച് 212.
ദേശീയ പാത 212ലും 67ലും ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ഭാഗത്ത് രാത്രിയാത്ര വിലക്കി 2007 ജൂണ്‍ ഏഴിനാണ് കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലാ കളക്ടര്‍ ഉത്തരവായത്. ദേശീയപാതയില്‍ വനഭാഗത്ത് വന്യജീവികള്‍ വാഹനം ഇടിച്ച് ചാകുന്നതു കണക്കിലെടുത്ത് ബന്ദിപ്പുര കടുവാസങ്കേതം മേധാവിയുടെ ശിപാര്‍ശയിലായിന്നു ഉത്തരവ്. കേരള സര്‍ക്കാരും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് കളക്ടറുടെ ഉത്തരവ് കര്‍ണാടക മുഖ്യമന്ത്രി പിന്‍വലിച്ചു. ഈ നടപടി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീനിവാസബാബു കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി. ഇത് പരിഗണിച്ച കോടതി ബന്ദിപ്പുര വനത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലെയും രാത്രിയാത്രാ നിരോധം ശരിവച്ച് 2009 ജൂലൈ 27ന് ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചു. ഇടക്കാല ഉത്തരവ് നേടിയശേഷം ശ്രീനിവാസബാബു കേസില്‍ താത്പ്യം കാണിച്ചില്ല. ഈ അവസരത്തിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്. ബന്ദിപ്പുര വനമേഖലയിലെ ഗതാഗത നിരോധമായിരുന്നു ആവശ്യം. പ്രശസ്ത അഭിഭാഷക അനു ചെങ്കപ്പയാണ് സമിതിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. കര്‍ണാടക ഹൈക്കോടതിയില്‍ നടന്ന കേസില്‍ കേരള സര്‍ക്കാരും കേരള-കര്‍ണാടക ട്രാവലേഴ്സ് ഫോറവും വ്യാപാരി വ്യവസായി ഏകോപനസമിതിയും അടക്കം സംഘടനകള്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങളെ ഫലപ്രദമായി നേരിടാനും വസ്തുതകള്‍ പഠിച്ച് കേസ് നടത്താനും ആരും തയാറായില്ല. ഈ സാഹചര്യത്തില്‍ ദേശീയപാതയിലെ ബന്ദിപ്പുര കടുവ സങ്കേതം പരിധിയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ ഗതാഗതം നിരോധിച്ച് കര്‍ണാടക ഹൈക്കോടതി 2010 മാര്‍ച്ച് 13നു പുറപ്പെടുവിച്ചു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസ് സുപ്രീം കോടതിയില്‍ തുടരുകയാണ്. ദേശീയപാതയില്‍ വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇതിനകം പരിഗണിച്ചപ്പോഴൊക്ക കേരളത്തിനു സഹായകമായ നിലപാടല്ല കര്‍ണാടകയും തമിഴ്നാടും സ്വീകരിച്ചത്. രാത്രിയാത്ര നിരോധനത്തില്‍ ആവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. സുപ്രീം കോടതിയുടെ 2018 ജനുവരി 10ലെ ഉത്തരവനുസരിച്ചായിരുന്നു ഇത്. ദേശീയ പാതയിലെ രാത്രിയാത്രാവിലക്ക് നീക്കുന്നതിനു പകരം ബദല്‍ പാതകള്‍ നിര്‍മിക്കുകയോ മെച്ചപ്പെടുത്തുന്നതിനു സഹായകമായ നിര്‍ദേശമാണ് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. അന്നത്തെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സമിതിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയായിരുന്നു. തലശേരി-മൈസൂരു റെയില്‍ പാത നിര്‍മാണമാണ് ദേശീയപാത 766ലെ രാത്രിയാത്രാ വിലക്കിനു പരിഹാരമായി ഇദ്ദേഹം നിര്‍ദേശിച്ചത്.
ദേശീയപാത പഴയതുപോലെ ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി വയനാടന്‍ ജനത ഉന്നയിക്കുന്നതാണ്. രാത്രി യാത്രാ വിലക്ക് നീക്കുന്നതില്‍ വയനാട് എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി മതിയായ ഇടപെടല്‍ നടത്തിയില്ലെന്ന വിമര്‍ശനവും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ണാടക ഉപ മുഖ്യമന്ത്രിയുടെ പ്രസ്താവന. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കര്‍ണാടക അയവുള്ള നിലപാട് അറിയിക്കുമെന്നാണ് വയനാടന്‍ ജനതയുടെ അനുമാനം.

Leave A Reply

Your email address will not be published.