National

16 വയസിൽ താഴെയുള്ളവരെ സോഷ്യൽ മീഡിയയിൽ വിലക്കണം – ആവശ്യവുമായി പിന്ററസ്റ്റ് സിഇഒ

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ നിരോധിക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെട്ട് പിന്ററസ്റ്റ് (Pinterest) സി.ഇ.ഒ. ബിൽ റെഡി. വെള്ളിയാഴ്ച ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ ആഹ്വാനം.

ഗൂഗിളും മെറ്റയും തങ്ങളുടെ ആപ്പുകളിലൂടെ യുവതലമുറയിൽ മാനസികാരോഗ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു എന്ന ആരോപണം നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട വിചാരണ ലോസ് ആഞ്ജലിസിൽ നടന്നുകൊണ്ടിരിക്കുകയാണ്.“നമുക്ക് വ്യക്തമായ ഒരു മാനദണ്ഡം ആവശ്യമാണ്: 16 വയസ്സിൽ താഴെയുള്ള കൗമാരക്കാർക്ക് സമൂഹമാധ്യമങ്ങൾ വേണ്ട; അത് കർശനമായ നടപ്പാക്കപ്പെടണം മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം അവയിൽ പ്രവർത്തിക്കുന്ന ആപ്പുകൾ എന്നിവയുടെ ഉത്തരവാദിത്തം ഉറപ്പാക്കണം,” ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ റെഡി എഴുതി.16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിയെ ഒരു മാതൃകയായി റെഡി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയാ നിരോധനത്തിന് ആഹ്വാനം ചെയ്തതിലൂടെ ലോകത്തെ വൻകിട സാങ്കേതിക കമ്പനികളുടെ നേതാക്കളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് റെഡി സ്വീകരിക്കുന്നത്.

മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാൽ കുട്ടികളും കൗമാരക്കാരും സോഷ്യൽ മീഡിയാ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്താൻ റെഗുലേറ്റർമാർ, കോടതികൾ, നിയമനിർമാതാക്കൾ എന്നിവരിൽനിന്ന് കമ്പനികൾ വലിയ സമ്മർദ്ദം നേരിടുന്നുണ്ട്.ചിത്രങ്ങൾ പങ്കുവെക്കുന്ന പ്ലാറ്റ്ഫോമാണ് പിന്ററസ്റ്റ്. കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം, യു.എസിൽ പിന്ററസ്റ്റ് അക്കൗണ്ട് തുടങ്ങാൻ ഉപഭോക്താക്കൾക്ക് 13 വയസ്സ് തികയണം.1997-നും 2012-നും ഇടയിൽ ജനിച്ച ‘ജനറേഷൻ ഇസഡ്’ (Generation Z) വിഭാഗക്കാർക്ക് പ്രിയപ്പെട്ട ഇടമായി മാറാനാണ് അടുത്ത കാലത്തായി കമ്പനി ശ്രമിക്കുന്നത്. ആപ്റ്റോപ്പിയ എന്ന ഗവേഷണ സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, പിന്ററസ്റ്റ് ഉപഭോക്താക്കളിൽ മൂന്നിലൊന്ന് പേരും 17-നും 25-നും ഇടയിൽ പ്രായമുള്ളവരാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.