Listen live radio

കോവിഡ് 19: വ്യാപകമായി പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടന

after post image
0

- Advertisement -

ന്യൂയോർക്ക്: കോവിഡിനെതിരെ വ്യാപകമായി വാക്സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും എല്ലാവരിലും വാക്സിന്‍ എത്തിക്കാന്‍ ആവില്ലെന്ന് ഡബ്യൂഎച്ച്ഒ അറിയിച്ചു. രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഡബ്ലിയൂ.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു.
വാക്‍സിന്‍റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളിൽ ഇതുവരെ ഒരു രാജ്യത്തിന്‍റെയും വാക്സിൻ പൂർണമായ് ഉപയോഗപ്രദമായിട്ടില്ലെന്നും മാർഗരറ്റ് ഹാരിസ് കൂട്ടിച്ചേര്‍ത്തു. റഷ്യ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുകയും, അമേരിക്ക അടുത്ത മാസം കോവിഡ് വാക്‌സിന്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധി മാർഗരറ്റ് ഹാരിസിന്‍റെ വിശദീകരണം.
ഒക്ടോബര്‍ അവസാനത്തോടെ കോവിഡിനെതിരെ വാക്‌സിന്‍ വിതരണത്തിന് തയ്യാറാകുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. യുഎസ് പ്രസിഡന്‍റെ തെരഞ്ഞെടുപ്പിൽ കോവിഡ് വലിയ ഘടകമാകുമെന്ന വിലയിരുത്തലിലാണിത്.
റഷ്യയുടെ സ്പുട്നിക് വാക്സിന് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന് ദി ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മനുഷ്യരിൽ പരിശോധന നടത്തി രണ്ടു മാസം തികയുന്നതിനു മുമ്പുതന്നെ റഷ്യ കോവിഡ് വാക്‍സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ വിദഗ്ധർ രംഗത്തെത്തിക്കഴിഞ്ഞു.
ഇറാഖില്‍ കോവിഡ് രോഗികളില്‍ റെക്കോര്‍ഡ‍് വര്‍ധന രേഖപ്പെടുത്തി. ആശുപത്രികള്‍ തികയാതെ വരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി എഴുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

Leave A Reply

Your email address will not be published.