Listen live radio

പുത്തുമല പുനരധിവാസപുനരധിവാസ ഭൂമിയില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി

after post image
0

- Advertisement -

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് 2019 ഓഗസ്റ്റ് എട്ടിനു ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ പുത്തുമലയില്‍ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനു കണ്ടെത്തിയ ഭൂമിയില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി.മേപ്പാടി പുത്തക്കൊല്ലി എസ്റ്റേറ്റിലെ മുക്കില്‍പ്പീടികയില്‍ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് 1.96 കോടി രൂപയ്ക്കു വാങ്ങി ജില്ലാ ഭരണകൂടത്തിനു കൈമാറിയ ഏഴ് ഏക്കറാണ് പുനരധിവാസ പദ്ധതിക്കു ഉപയോഗപ്പെടുത്തുന്നത്. സ്ഥലത്തെ തേയിലച്ചെടികള്‍ പിഴുതുമാറ്റി. പ്രധാനനിരത്തില്‍നിന്നു സ്ഥലത്തേക്കുള്ള വഴി വലിയ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുംവിധം വീതികൂട്ടി. പുത്തുമലയില്‍ മണ്ണിനടിയിലായ മരങ്ങളില്‍ കുറെ ഭവനനിര്‍മാണത്തിനു പ്രയോജനപ്പെടുത്തുന്നതിനു ശേഖരിച്ചു കൂട്ടിയിട്ടുണ്ട്. പ്രവൃത്തിക്കു ആവശ്യമായ കല്ല് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തനാനുമതിയുള്ള ഒരു ക്വാറിയില്‍നിന്നു അടുത്ത ദിവസം മുതല്‍ സ്ഥലത്തു എത്തിത്തുടങ്ങും.
പുനരധിവാസ പദ്ധതിക്കു ആവശ്യമായ ഭൂമി മാര്‍ച്ച് 17നാണ് മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ ഭരണകൂടത്തിനു കൈമാറിയത്. വീടുകളുടെ നിര്‍മാണവും അടിസ്ഥാന സൗകര്യം ഒരുക്കലും 100 ദിവസത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ പദ്ധതി നിര്‍വഹണം സമയബന്ധിതമായി തുടങ്ങുന്നതിനും നടത്തുന്നതിനും വിഘാതമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുത്തക്കൊല്ലിയില്‍ നിര്‍മാണം മഴക്കാലത്തിനു മുമ്പു പൂര്‍ത്തിയാക്കാനാകില്ല.
പുത്തുമലയില്‍നിന്നു 103 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതില്‍ 38 കുടുംബങ്ങള്‍ ഭവന നിര്‍മാണത്തിനു സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 65 കുടുംബങ്ങള്‍ക്കാണ് പുത്തക്കൊല്ലിയില്‍ വീടു നിര്‍മിക്കുക. വാടകവീടുകളിലാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്.
ആര്‍ക്കിടെക്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്ററാണ് പുനരധിവാസ പദ്ധതി പ്ലാന്‍ തയാറാക്കിയത്. വ്യക്തികളും സംഘടനകളും ഭവനനിര്‍മാണച്ചെലവ് വഹിക്കും. ദുരന്തബാധിത കുടുബങ്ങള്‍ക്കു വീടു നിര്‍മിച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ച വ്യക്തികളുടെയും സംഘടനകളുടെയും യോഗം മാര്‍ച്ച് 18നു കളക്ടറേറ്റില്‍ ചേര്‍ന്നിരുന്നു.പുത്തുമല പുനരധിവാസത്തിനു മേപ്പാടി കള്ളാടിയിലാണ് ആദ്യം സ്ഥലം കണ്ടെത്തിയത്. ഭൂമി വിലയ്ക്കുവാങ്ങുന്നതിനു നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ഉടമാവകാശം സംബന്ധിച്ചു നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് വേറെ ഭൂമി കണ്ടെത്തുന്നതിനു ശ്രമം തുടങ്ങിയത്. പുത്തക്കൊല്ലിയിലെ ഭൂമി പുനരധിവാസത്തിനു യോജിച്ചതാണെന്നു ജില്ലാ ഭരണകൂടം പരിശോധിച്ചു ഉറപ്പുവരുത്തിയിരുന്നതായി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് പറഞ്ഞു.

Leave A Reply

Your email address will not be published.