Listen live radio

മോട്ടോർ വാഹന വകുപ്പിനെതിരെ നിയമവഴിയിൽ നീങ്ങുമെന്ന് ഇ-ബുൾജെറ്റ് വ്‌ളോഗർമാർ; നിയമപ്രകാരമുള്ള മോടിപിടിപ്പിക്കൽ മാത്രമേ വാഹനത്തിൽ ചെയ്തിട്ടുള്ളുവെന്നും അതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമുള്ള നിലപാടിൽ തുടർന്ന് സഹോദരന്മാർ

after post image
0

- Advertisement -

 

 

കണ്ണൂർ: എക്‌സ്ട്രാ ലൈറ്റും മറ്റു മോടി പിടിപ്പിക്കലും കാരണം വിവാദമായ ‘നെപ്പോളിയൻ’ കാരവാന്റെ രജിസ്‌ട്രേഷൻ താത്കാലികമായി റദ്ദാക്കിയതിന് പിന്നാലെ ലൈസൻസ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ നിയമ വഴി സ്വീകരിക്കാനൊരുങ്ങി ഇ-ബുൾജെറ്റ് വ്‌ളോഗർ സഹോദരങ്ങൾ.

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു നടപടി.
വാഹനത്തിൽ നിയമപ്രകാരമുള്ള മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ നിലപാട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. നിലവിൽ ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. വാഹനം സ്റ്റോക്ക് കണ്ടീഷനിൽ ഹാജരാക്കിയില്ലെങ്കിൽ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും.

താക്കീത് എന്ന നിലയിലാണ് ഇപ്പോൾ താത്കാലികമായി രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ വാഹനം അതിന്റെ യഥാർഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ പൂർണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിന്റെ രൂപം പൂർണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.

ഓഫീസിൽ എത്തി പ്രശ്‌നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ ഒമ്പതോളം വകുപ്പുകൾ ചുമത്തി വ്‌ളോഗർമാരായ എബിൻ, ലിബിൻ എന്നിവർക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലൻസിന്റെ സൈറൺ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് എം.വി.ഡി. മുമ്പ് പറഞ്ഞത്. അതേസമയം, രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തിൽ ഉള്ളതെന്നും ഇ ബുൾജെറ്റ് അവകാശപ്പെടുന്നുണ്ട്.

ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രകോപനപരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ വ്‌ളോഗർ സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തങ്ങളുടെ കാരവനെ തിരെയുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമപരമായി നേരിടാനാണ് ഇ ബുൾജെറ്റ് സഹോദരങ്ങളുടെ തീരുമാനം.

 

 

Leave A Reply

Your email address will not be published.