Listen live radio

‘മാപ്പ്’: ഈഴവർക്കെതിരെ ലവ് ജിഹാദ് ആരോപണം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഫാ.റോയ് കണ്ണൻചിറ

after post image
0

- Advertisement -

 

കോട്ടയം: ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പാലാ ബിഷപ്പിനെ നർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ. റോയി കണ്ണൻചിറ രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികൻ ഖേദം പ്രകടിപ്പിച്ചു. കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നായിരുന്നു ഫാ. റോയി കണ്ണൻചിറ സി.എം.ഐ ആരോപിച്ചത്.

തന്റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്ന് റോയ് കണ്ണൻചിറ പറഞ്ഞു. ‘ഷെക്കെയ്ന’ എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചത്. കേരളത്തിന്റെ മതേതര സങ്കൽപ്പത്തെ തടസപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാൻ ഇടവന്നു. അങ്ങനെ സംസാരിക്കുവാൻ കാരണമായത്, ഞങ്ങൾ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കൾ മക്കൾ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവർ നമ്മുടെ മുന്നിൽ വന്ന് വേദന പങ്കുവെക്കുമ്പോൾ, കരയുമ്പോൾ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകർക്കുന്നതായി വ്യക്തമായി. ഇത്തരത്തിൽ കുടുംബ ഭദ്രതയെ തകർക്കുന്ന സംഭവങ്ങളിൽ നിന്ന് പിന്തിരിയാൻ പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കർത്തവ്യം വൈദികരായ ഞങ്ങളിൽ അർപ്പിതമാണ്. ഞാൻ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാൽ ആ വീഡിയോ പുറത്തായപ്പോൾ പലർക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം മാപ്പ് പറയുന്നു’, വൈദികൻ വ്യക്തമാക്കുന്നു.

കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്നും ഒരു മാസത്തിനിടെ ഒൻപത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ട് പോയത് ഈഴവ ചെറുപ്പക്കാർ ആണെന്നും ലൗ ജിഹാദിനെ പറ്റിയും നർക്കോട്ടിക്ക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കണം. അതോടൊപ്പം തന്നെ, കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് വരെ ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

 

 

Leave A Reply

Your email address will not be published.