Listen live radio

ആർ.ടി.പി.സി.ആർ നടത്തിയവരുടെ ക്വാറൻറീൻ കുടുംബശ്രീ നിരീക്ഷിക്കും

after post image
0

- Advertisement -

 

കൽപറ്റ: ജില്ലയിൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരായി ഫലം കാത്തിരിക്കുന്നവരുടെ ക്വാറൻറീൻ ഇനിമുതൽ കുടുംബശ്രീ നിരീക്ഷിക്കും. പരിശോധന നടത്തിയവർ ഫലംവരുന്നതിന് മുമ്പായി ഒരു ശ്രദ്ധയുമില്ലാതെ കറങ്ങിനടക്കുന്നത് രോഗവ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികൾ കർക്കശമാക്കുന്നത്. ജില്ല കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പരിശോധനക്ക് വിധേയമാകുന്നവരുടെ പൂർണവിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കും.കോവിഡ് പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ ഗൂഗിൾ ഫോം വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. കൺട്രോൾ റൂമിൽനിന്ന് ശേഖരിക്കപ്പെട്ട വിവരങ്ങൾ താഴേത്തട്ടിലേക്ക് കൈമാറും. കുടുംബശ്രീ സി.ഡി.എസ് വഴി എ.ഡി.എസിലേക്കും ഇവിടെ നിന്നും അയൽക്കൂട്ടങ്ങളിലേക്കും വിവരങ്ങൾ നൽകും. ക്വാറൻറീൻ ലംഘനം നടത്തുന്നവർക്കെതിരെ വാർഡ്തല ആർ.ആർ.ടികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും അണിനിരക്കും. പരിശോധനക്ക് വിധേയമായവർ ഫലം വരുന്നതിന് മുമ്പേ ശ്രദ്ധയില്ലാതെ കറങ്ങിനടക്കുന്നവരെ ഇവർ നിരീക്ഷിക്കും. ആദ്യഘട്ടത്തിൽ ഇത്തരം ആളുകൾക്കെതിരെ ശക്തമായ താക്കീതുനൽകും. പിന്നീടും ആവർത്തിച്ചാൽ ഇവർക്കായുള്ള പ്രത്യേക ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ഇവർക്കെതിരെ പിഴചുമത്താനും നിർദേശിച്ചു. നിലവിലുള്ള വാർഡ്തല ആർ.ആർ.ടികളിൽ അയൽക്കൂട്ടസമിതി അംഗങ്ങളെ കൂടി ഉൾപ്പെടുത്തും. ആർ.ആർ.ടികളുടെ ചുമതല ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, മെമ്പർമാർ എന്നിവർ വഹിക്കും. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിന് മുമ്പേ സ്വയം നിയന്ത്രണങ്ങളില്ലാതെ ഇടപെടുന്നത് രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു.

 

Leave A Reply

Your email address will not be published.