Listen live radio

ഓണം ബമ്പർ വിവാദത്തിൽ സെയ്തലവി; സുഹൃത്തിനെ ‘സുയിപ്പാക്കാൻ’ പറഞ്ഞതാണ്; മാപ്പാക്കണം; പൊതുജനം ‘ശശി’

after post image
0

- Advertisement -

 

കൽപ്പറ്റ: കേരള സർക്കാരിന്റെ ഓണം ബമ്പർ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ചതായി അവകാശപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിച്ച വയനാട് പനമരം പരക്കുനി സ്വദേശി സെയ്തലവി ഒടുവിൽ സമ്മതിച്ചു; താൻ കള്ളം പറഞ്ഞതാണ്.

ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാൻ പറഞ്ഞത് കൈവിട്ട കളിയായിപ്പോയെന്നും താൻ കാരണമുണ്ടായ വിഷമത്തിൽ വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായിൽനിന്നു പകർത്തിയ വീഡിയോയിൽ സെയ്തലവി പറയുന്നു. ദുബായ് അബുദാബിയിലെ മൂൺ സ്റ്റാർ വൺ റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്. വയനാട് നാലാംമൈൽ സ്വദേശി അഹമ്മദ് എന്നയാൾ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്.

സമ്മാനാർഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു. ഗൂഗിൾപേയിലൂടെ 600 അയച്ചുകൊടുത്ത് അഹമ്മദിനെക്കൊണ്ട് ടിക്കറ്റ് എടുപ്പിച്ചുവെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ തുക കൈമാറ്റം ചെയ്തതായുള്ള ഒരു ഫോട്ടോയും സെയ്തലവി ഫോണിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സെയ്തലവിയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് അഹമ്മദ് പുറത്തുവിട്ടതോടെ ഈ കള്ളം പൊളിഞ്ഞിരുന്നു. മറ്റൊരാൾക്ക് അടിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് അയച്ചുതന്നതെന്ന് അഹമ്മദ്, സെയ്തലവിയോടു പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഈ ടിക്കറ്റ് വച്ച് സുഹൃത്തിനെ ‘സുയിപ്പാക്കാം’ എന്നാണ് സെയ്തലവി അഹമ്മദിനോട് പറയുന്നത്.

മൊബൈലിലെ ഫോട്ടോകാട്ടി സുഹൃത്തിനോട് സെയ്തലവി പറഞ്ഞകാര്യം ദുബായിൽ പരക്കുകയായിരുന്നു. വിവരം അറിഞ്ഞ് മാധ്യമപ്രതിനിധികൾ എത്തിയപ്പോഴും നടന്ന കാര്യം തുറന്നുപറയാതെ തനിക്കാണ് ഒന്നാം സമ്മാനം എന്ന വാദത്തിൽ സെയ്തലവി ഉറച്ചുനിന്നു. തനിക്ക് ഒന്നാം സമ്മാനം അടിച്ചെന്നു വ്യാപകമായി പ്രചരിച്ചതിനാൽ പിന്നീട് അത് നിഷേധിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലെന്നാണ് സെയ്തലവി ഇപ്പോൾ പറയുന്നത്. കോഴിക്കോട്, പാലക്കാട് സ്വദേശിയാണെന്നൊക്കെ സെയ്തലവി മാറ്റിമാറ്റി പറഞ്ഞിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർ എറണാകളും മരട് സ്വദേശി ജയപാലൻ യഥാർഥ ടിക്കറ്റ് ബാങ്കിൽ ഹാജരാക്കിയതോടെയാണ് കള്ളക്കളികൾ പൊളിഞ്ഞത്.
അതിനിടെ, സംഭവം വിവാദമായതോടെ മാനസികമായി തകർന്ന സെയ്തലവിയുടെ കുടുംബം താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറി. പരക്കുനിയിൽ വാടകവീട്ടിലാണ് സെയ്തലവിയുടെ കുടുംബം താമസിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സെയ്തലവിക്കെതിരേ ട്രോളുകൾ വ്യാപകമായിട്ടുണ്ട്. അതിനിടെ വീട്ടുകാർക്ക് പിന്തുണയുമായി നാട്ടുകാർ രംഗത്തു വന്നു. സെയ്തലവിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അവർക്ക് പിന്തുണ നൽകുമെന്നും നാട്ടുകാർ പറഞ്ഞു.

 

 

Leave A Reply

Your email address will not be published.