Listen live radio

കോഴ കേസിൽ കെ. സുരേന്ദ്രന് വീണ്ടും നോട്ടീസ്; മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് നിർദേശം

after post image
0

- Advertisement -

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിക്ക് കോഴ നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ നേരത്തെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അന്ന് ഫോണിനെ കുറിച്ച് ചോദിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടെന്നാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സുരേന്ദ്രൻ അതേ ഫോൺ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിരുന്നു.

എതിർ സ്ഥാനാർഥി സുന്ദര മത്സരത്തിൽ നിന്ന് പിന്മാറുന്നതിനായി രേഖകൾ തയാറാക്കിയ ഹോട്ടലിൽ താൻ താമസിച്ചിരുന്നില്ലെന്നാണ് സുരേന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ, രേഖകൾ തയാറാക്കാൻ സുന്ദര എത്തിയ ഹോട്ടലിൽ സുരേന്ദ്രൻ നിരവധി തവണ എത്തിയതായും എതിർ സ്ഥാനാർഥിയുമായി സംസാരിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻറെ മൊഴിയിൽ വ്യത്യാസമുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്നു കെ. സുരേന്ദ്രൻ. തൻറെ പേരിനോട് സാമ്യമുള്ള ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദര തനിക്ക് അപരനാവുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തോട സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.

കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.

മാർച്ച് 21ന് രാവിലെ സ്വർഗ വാണിനഗറിലെ സുന്ദരയുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാക്കൾ സുന്ദരയെ പൈവളിഗെ ജോഡ്ക്കല്ലിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിച്ച് തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ആയതിനാൽ പത്രിക പിൻവലിക്കാനായില്ല. സുന്ദരയെ വീട്ടിലെത്തിച്ച ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. മാർച്ച് 22ന് കാസർകോട് താളിപ്പടുപ്പിൽ കെ. സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ ഒപ്പുവെപ്പിച്ചത്.

 

Leave A Reply

Your email address will not be published.