Listen live radio

കൂടത്തായി മോഡൽ കൊല വീണ്ടും: 20 വർഷത്തിനിടെ കൊന്നത് കുടുംബത്തിലെ 5 പേരെ

after post image
0

- Advertisement -

 

ഗാസിയാബാദ്: കുടുംബ സ്വത്ത് സ്വന്തമാക്കാൻ ഇരുപത് വർഷത്തിനിടെ കൊന്നത് കുടുംബത്തിലെ അഞ്ച് പേരെ. ഗാസിയാബാദിലെ മുറാദ് നഗറിലാണ് കൂടത്തായി മോഡൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലീലു ത്യാഗി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്.

ലീലു ത്യാഗിയുട അനനന്തരവൻ രേഷു ത്യാഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുപത് വർഷത്തെ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശിയത്. ഏറ്റവും അവസാനം ഓഗസ്റ്റ് എട്ടിനാണ് രേഷു ത്യാഗി(24)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാറിൽ വെച്ച് കൊലപ്പെടുത്തിയ രേഷുവിന്റെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയായിരുന്നു.

ഓഗസ്റ്റ് 15 ന് രേഷുവിന്റെ കുടുംബം കാണാതായെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സെപ്റ്റംബർ 22ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച്ചയാണ് ഈ കേസുമായി ബന്ധപ്പെട്ട് ലീലു ത്യാഗി(45) യെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ചോദ്യം ചെയ്തതോടൊണ് കഴിഞ്ഞ 20 വർഷത്തിനിടയിൽ സഹോദരനുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചത്. കുടുംബസ്വത്ത് പത്തൊമ്പത് വയസ്സുള്ള തന്റെ മകന് ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

സംഭവം ഇങ്ങനെ, ഇരുപത് വർഷങ്ങൾക്ക് മുമ്പ് സ്വന്തം സഹോദരനെയാണ് ലീലു ആദ്യം കൊല്ലുന്നത്. വാടകക്കൊലയാളികളെ ഉപയോഗിച്ചായിരുന്നു സഹോദരൻ സുധീർ ത്യാഗിയെ ലീലു കൊലപ്പെടുത്തിയത്. ഇതിനു ശേഷം സുധീർ കുടുംബത്തെ ഉപേക്ഷിച്ച് നാട് വിട്ടെന്ന് എല്ലാവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു. സഹോദരനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം ചെയ്തു. കൊലപ്പെടുത്തി അതേ വർഷം തന്നെയായിരുന്നു സഹോദരന്റെ ഭാര്യയെ ലീലു വിവാഹം കഴിക്കുന്നത്. ഇതിനു പിന്നാലെ സുധീറിന്റെ രണ്ട് പെൺമക്കളേയും കൊലപ്പെടുത്തിയെന്നും ലീലു പൊലീസിനോട് പറഞ്ഞു.

2006 ലാണ് സുധീറിന്റെ എട്ട് വയസ്സുള്ള ഇളയമകളെ വിഷം നൽകി കൊലപ്പെടുത്തിയത്. 2009 ൽ പത്തൊമ്പത് വയസ്സുള്ള മൂത്ത മകളേയും വിഷം നൽകി കൊലപ്പെടുത്തി. ഈ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതായും ഇയാൾ വെളിപ്പെടുത്തി. 2013 ൽ മറ്റൊരു സഹോദരനായ ബ്രിജേഷ് ത്യാഗിയുടെ എട്ട് വയസ്സുള്ള മകനേയും കൊലപ്പെടുത്തിയതായി ലീലു ത്യാഗി പൊലീസിനോട് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ബ്രിജേഷിന്റെ മൂത്ത മകൻ രേഷുവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണമാണ് നാല് കൊലപാതകങ്ങൾ പുറംലോകത്ത് എത്തിച്ചത്.

കൊല്ലപ്പെട്ട പെൺകുട്ടികളെ വിഷം തീണ്ടിയതാണെന്നും ആൺകുട്ടികൾ ഓടിപ്പോയതാണെന്നുമായിരുന്നു ഇയാൾ ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മുൻപ് നടന്ന നാല് മരണങ്ങളിലും കുടുംബത്തെ വിശ്വസിപ്പിക്കുന്നതിൽ ത്യാഗി വിജയിച്ചുവെന്നും പരാതി നൽകുന്നത് തടഞ്ഞുവെന്നും പൊലീസ് പറയുന്നു. എന്നാൽ രേഷുവിനെ കണാതായതിന് പിന്നാലെ, പരാതി നൽകുന്നതിൽ നിന്നും കുടുംബത്തിനെ വിലക്കാൻ ലീലു ശ്രമിച്ചിരുന്നു. നാട്ടിൽ നിൽക്കുന്നതിൽ രേഷു അസ്വസ്ഥനായിരുന്നുവെന്നും നാട് വിട്ടുപോയതാണെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

രേഷുവിന്റെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കുടുംബത്തിൽ നേരത്തേ നാല് പേർ കൂടി ദുരൂഹസാഹര്യങ്ങളിൽ കൊല്ലപ്പെട്ടതായി പൊലീസിന് മനസ്സിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയങ്ങൾ ലീലുവിലേക്ക് നീണ്ടു. ഇയാൾക്കൊപ്പം സുരേന്ദ്ര ത്യാഗി, രാഹുൽ എന്നീ രണ്ട് സഹായികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ കൂടി ലീലുവിനെ സഹായിക്കാനുണ്ടായിരുന്നുവെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

12-20കോടി ആസ്തിയുള്ള കുടുംബ സ്വത്ത് സ്വന്തമാക്കുന്നതിന് വേണ്ടിയാണ് സഹോദരനേയും മക്കളേയും കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അവകാശികൾ മുഴുവൻ ഇല്ലാതായാൽ സ്വത്ത് മുഴുവൻ തന്റെ മകന് ലഭിക്കുമെന്നും ഇയാൾ കണക്കുകൂട്ടി.

 

Leave A Reply

Your email address will not be published.