Listen live radio

നിങ്ങളുടെ പൊൻവാക്കിന് ഇനിമുതൽ പാരിതോഷികം

after post image
0

- Advertisement -

 

കൊച്ചി: ശൈശവ വിവാഹത്തിനെതിരെയുള്ള നിങ്ങളുടെ വാക്കുകൾ വെറും വാക്കുകളല്ല. ഇനി അവ പൊൻവാക്കായി മാറും. പറയുന്നവർക്ക് പാരിതോഷികവും ലഭിക്കും. ശൈശവവിവാഹം തടയുന്നതിന് വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് പൊൻവാക്ക്.

ശൈശവ വിവാഹം ശ്രദ്ധയിൽപ്പെട്ടാൽ പൊൻവാക്കിലൂടെ അറിയിച്ചാൽ 2,500 രൂപ പാരിതോഷികം നൽകും. നടപ്പുവർഷത്തിൽ തന്നെ പദ്ധതി നടപ്പാക്കുന്നതിനുള്ള തുകയാണ് ജില്ലാ ഓഫീസർമാർക്ക് അനുവദിച്ചത്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശവും ഉദ്യോഗസ്ഥർക്കു നൽകി.
പൊതുജന പങ്കാളിത്തത്തോടെ ശൈശവവിവാഹം തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവരം നൽകുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.

സംസ്ഥാനത്തെ 258 ശൈശവ വിവാഹ നിരോധന ഓഫീസർമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വ്യക്തമായ വിവരങ്ങൾ സഹിതം മുൻകൂട്ടി അറിയിക്കണമെന്നതാണ് വ്യവസ്ഥ. വിവരം സത്യമാണെങ്കിൽ പാരിതോഷികം ലഭിക്കും. വിവാഹം കഴിഞ്ഞാണ് അറിയിക്കുന്നതെങ്കിൽ പാരിതോഷികമുണ്ടാവില്ല. സംഭവമറിഞ്ഞാൽ വിവരദാതാവിന്റെ പേരുവിവരം വെളിപ്പെടുത്താതെ ശൈശവ വിവാഹ നിരോധന ഓഫീസർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ വിവരം കൈമാറണം. തുടർന്ന് നടപടി സ്വീകരിക്കും.

വിവരദാതാവിനുള്ള പാരിതോഷികത്തുക രഹസ്യ സ്വഭാവത്തോടെ നൽകും. തുക കൈപ്പറ്റിയെന്നതിനുള്ള രസീതിനു പകരം ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തി ഫയലിൽ സൂക്ഷിക്കും. സർട്ടിഫിക്കറ്റിൽ വിവരദാതാവിനെ തിരിച്ചറിയുന്ന ഒരു വിവരവും ഉണ്ടാവില്ല.
ശൈശവ വിവാഹത്തെക്കുറിച്ച് ഒന്നിലധികം പേർ അറിയിച്ചാൽ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികം. ബാക്കിയുള്ളവരെ വിവരം ധരിപ്പിക്കും. വിവരം സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക ഇ-മെയിൽ ഉണ്ടായിരിക്കും. പാസ്വേർഡ് ജില്ലാ ഓഫീസർമാർ രഹസ്യമായി സൂക്ഷിക്കും. ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ മുതലയാവ എല്ലാ അങ്കണവാടികളിലും പ്രദർശിപ്പിക്കും.
വിവരം ഉറപ്പുവരുത്തി 10 ദിവസത്തിനകമാണ് തുക വിവരദാതാവിനു കൈമാറേണ്ടത്. എല്ലാ ശൈശവ വിവാഹ നിരോധന ഓഫീസർമാരും പൊൻവാക്കിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും അറിയിപ്പു നൽകുന്നതിനും പ്രചാരണം നടത്തുന്നതിനും വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി ആരംഭിച്ചത്. പലരും ഇത്തരം നിയമലംഘനങ്ങൾ നടന്നാൽ പോലും പുറത്തു പറയാറില്ല. അതുകൊണ്ടാണ് പാരിദോഷികവും ഏർപ്പെടുത്തിയത്. പദ്ധതി എല്ലാരിലേക്കും എത്തിക്കാനാണ് ശ്രമം.

Leave A Reply

Your email address will not be published.