Listen live radio

കുഞ്ഞുങ്ങൾക്ക് പുതിയ പരിരക്ഷ ; ന്യൂമോണിയക്കെതിരെ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ ഇന്നുമുതൽ

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ കുട്ടികൾക്കായി പുതിയൊരു വാക്സിനേഷൻ കൂടി ആരംഭിക്കും. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പിസിവി) ആണ് നൽകിത്തുടങ്ങുന്നത്.

ന്യൂമോണിയ പ്രതിരോധ വാക്‌സിനാണിത്. വാക്‌സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലകളിൽ അടുത്ത വാക്സിനേഷൻ ദിനം മുതൽ ഈ വാക്സിൻ ലഭ്യമാകുന്നതാണ്. ന്യൂമോകോക്കൽ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികൾക്കും ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ നൽകണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തിൽ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നൽകിയാൽ മതി. ഈ വാക്സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിൻ നൽകേണ്ടത്. ആദ്യ മാസം 40,000 കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഒരു വർഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുന്നതാണ്. ഈ മാസത്തേക്ക് ആവശ്യമായ 55,000 ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ട്. അത് എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിൻജൈറ്റിസ് എന്നിവയിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ സംരക്ഷണം നൽകും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കൽ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കൽ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കുട്ടികൾക്ക് അസുഖം കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്സിനേഷൻ സൗജന്യമാണ്. മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ പ്രവർത്തകർക്കുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് വാക്സിനേഷൻ ആരംഭിക്കുന്നത്

Leave A Reply

Your email address will not be published.