Listen live radio

കർഷക സമരക്കാർക്കെതിരെ സുപ്രീംകോടതി; റോഡ് എല്ലാകാലവും അടച്ചിടാനാവില്ല

after post image
0

- Advertisement -

 

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തെത്തുടർന്ന് രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളിൽ ഗതാഗതം സ്തംഭിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. റോഡുകൾ എക്കാലവും അടച്ചിടാനാകില്ലെന്നും പ്രശ്‌നങ്ങൾ കോടതിയിലോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹരിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

‘നിങ്ങൾ ഒരു നിയമം കൊണ്ടുവന്നു. ഇനി അത് നടപ്പിലാക്കണ്ടതെങ്ങനെ എന്നുള്ളത് നിങ്ങളുടെ കാര്യമാണ്. അത് നടപ്പാക്കാൻ കോടതിക്ക് ഒരുവഴിയുമില്ല. എക്‌സിക്യൂട്ടീവിന്റെ ചുമതലയാണ് നിയമം നടപ്പാക്കുകയെന്നത്.’- ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.

ഹൈവേകൾ അടച്ചുള്ള കർഷകസമരം ഗതാഗത തടസവും യാത്രാക്ലേശവും സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗർവാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സർക്കാർ എന്താണ് ചെയ്തതെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് ചോദിച്ചു. കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മൂന്നംഗ ഉന്നതാധികാര സിമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

എന്നാൽ, കർഷക സംഘടനകൾ ചർച്ചകളുമായി സഹകരിക്കുന്നില്ല. സമരക്കാരെ കക്ഷിചേർത്ത് അവരിൽ നിന്ന് വിവരങ്ങൾ ആരായണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. റോഡ് അടച്ചുള്ള പ്രതിഷേധത്തിന് പരിഹാരം കണ്ടെത്തണമെന്ന് നേരത്തെ കേന്ദ്ര സർക്കാരിനോടും ഹരിയാന, ഡൽഹി, യു.പി. സംസ്ഥാന സർക്കാരുകളോടും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

 

 

Leave A Reply

Your email address will not be published.