Listen live radio

വയനാട് മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ലാൻറ് പ്രവർത്തനം നിലച്ചു

after post image
0

- Advertisement -

 

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ ഒരു വർഷം മുമ്പ് നിർമ്മിച്ച ഓക്‌സിജൻ പ്ലാൻറ് തകരാറിലായി. 74 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച പ്ലാൻറ് ആണ് പ്രവർത്തനരഹിതമായത്. ഇതോടെ മെഡിക്കൽ കോളേജിൽ വീണ്ടും പുറമെ നിന്നും സിലിണ്ടറുകളെത്തിക്കാൻ തുടങ്ങി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്.ഡി.ആർ.എഫ്) യുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 74 ലക്ഷം രൂപ മുടക്കിയാണ് ഓക്സിജൻ ജനറേറ്റർ പ്ലാൻറ് നിർമിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൊട്ടിഘോഷിച്ച് 2021 ഫെബ്രുവരി 14 നാണ് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തത്. ഏഴു മാസത്തിനുള്ളിൽ തന്നെ ഓക്സിജൻ പ്ലാൻറ് തകരാറിലായി.

സാധാരണഗതിയിൽ ഏത് യന്ത്രത്തിനും ഒരു വർഷത്തെയെങ്കിലും ഗ്യാരൻറിയോ വാറൻറിയോ ഉണ്ടാകാറുണ്ട്. എന്നാൽ, മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാൻറിന് ഒരു വിധത്തിലുള്ള വാറൻറിയും ഇല്ലെന്നാണ് പറയപ്പെടുന്നത്. പ്ലാൻറ് സ്ഥാപിച്ചപ്പോൾ തന്നെ ഏറെ പരാതികൾ ഉയർന്നിരുന്നെങ്കിലും, ആരോഗ്യ വകുപ്പ് ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

തുടക്കത്തിൽ തന്നെ ആവശ്യത്തിന് ഓക്സിജൻ ഉൽപാദിപ്പിക്കാൻ പ്ലാൻറിന് ശേഷിയില്ലെന്ന് കണ്ടെത്തിയിരുന്നു. മിനിറ്റിൽ 260 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറാണ് ആശുപത്രിയിൽ സ്ഥാപിച്ചത്. എന്നാൽ, മിനിറ്റിൽ 150 ലിറ്ററിൽ താഴെ മാത്രമാണ് ഉൽപാദിപ്പിച്ചിരുന്നത്. നേരത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായി വരുന്ന സി കാറ്റഗറിയിൽ വരുന്ന രോഗികൾക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ പുറത്തു നിന്നും എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.

മെഡിക്കൽ കോളേജിലെ പ്ലാൻറിൽ നിന്ന് ആവശ്യമായ ഓക്സിജൻ ഉൽപാദിപ്പിക്കാത്തതിനെ തുടർന്ന് 70 മുതൽ 100 വരെ ഓക്സിജൻ സിലിണ്ടറുകളാണ് പുറത്തു നിന്നും കൊണ്ട് വന്നിരുന്നത്. ഇപ്പോൾ പ്ലാൻറ് പ്രവർത്തനം പൂർണമായും നിലച്ചതോടെ പാലക്കാട് നിന്ന് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചാണ് കോവിഡ് രോഗികൾക്കും ആശുപത്രിയിലെ മറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികൾക്കും ഓക്സിജൻ നൽകുന്നത്. പ്ലാൻറ് സ്ഥാപിച്ചപ്പോൾ ഉണ്ടായ അപാകതകൾ സംബന്ധിച്ച് ആശുപത്രി അധികൃതർ അന്നുതന്നെ ജില്ല ഭരണകൂടത്തിന് റിപ്പോർട്ട് ചെയ്തെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും പറയപ്പെടുന്നു.

Leave A Reply

Your email address will not be published.